HOME
DETAILS
MAL
കാര്‍ഷിക നിയമങ്ങള്‍: പഞ്ചാബ് ബി.ജെ.പി പ്രതിസന്ധിയില്‍
backup
October 19 2020 | 01:10 AM
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാര്‍ വിവാദ നീക്കത്തിലൂടെ പാസാക്കിയെടുത്ത കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ ബി.ജെ.പിക്കു തിരിച്ചടിയാകുന്നു. പ്രമുഖ ഘടകക്ഷിയായ ശിരോമണി അകാലിദള്‍ മുന്നണി വിടുകയും, വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെ, പഞ്ചാബില്‍ പ്രമുഖ ബി.ജെ.പി നേതാക്കളടക്കം പാര്‍ട്ടി വിടുകയാണ്.
പഞ്ചാബിലെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളും പാര്‍ട്ടി കോര്‍ കമ്മിറ്റിയിലെ സിഖ് മുഖവുമായിരുന്ന മാല്‍വീന്ദര്‍ സിങ് കാങ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് താന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ പലരും ദേശീയ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാണെന്നും തന്നെ അതിനു കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ബി.ജെ.പിയുടെ നേതൃനിരയിലെത്തിയയാളാണ് മാല്‍വീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങളില്‍ നേതൃത്വത്തെ പലതവണ എതിര്‍പ്പറിയിച്ചെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ബി.ജെ.പി അധ്യക്ഷന്‍ അശ്വനി ശര്‍മയുടെ വലംകൈയായി അറിയപ്പെടുന്ന മാല്‍വീന്ദര്‍ സിങ്ങിന്റെ രാജി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാല്‍വീന്ദര്‍ സിങ് ശിരോമണി അകാലിദളില്‍ ചേരുമെന്നാണ് സൂചന.
ഇതോടെ, പഞ്ചാബിലും ഹരിയാനയിലുമായി ബി.ജെ.പിക്കുള്ളില്‍ പുകയുന്ന അഭിപ്രായവ്യത്യാസമാണ് പുറത്താകുന്നത്. ഇരു സംസ്ഥാനങ്ങളില്‍നിന്നുമായി നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര് പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സംസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധം തുടരുകയുമാണ്.
ആഴ്ചകളായി പഞ്ചാബില്‍ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."