മറയൂര്‍ ചന്ദനം ഇനി ചില്ലറ വില്‍പനശാലകളിലൂടെ
മറയൂര്‍: ചരിത്രത്തിലാദ്യമായി മറയൂര്‍ ചന്ദനം കേരളത്തിലെ ചില്ലറ വില്‍പനശാലകളിലൂടെ വിറ്റഴിക്കുവാന്‍ വനം വകുപ്പ് തീരുമാനം. വിവിധ ജില്ലകളിലെ ആറ് തടി ഡിപ്പോകളിലൂടെ മൂന്ന് ഇനത്തിലുള്ള ചന്ദനത്തടികളാണ് വിറ്റഴിക്കുന്നത്.
ചില്ലറവില്‍പനക്കായി ആറ് ഡിപ്പോകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ, പത്തനംതിട്ട ജില്ലയിലെ കോന്നി, എറണാകുളം ജില്ലയിലെ വീട്ടൂര്‍, കോഴിക്കോട് ജില്ലയിലെ ചാലിയം, കണ്ണൂര്‍ ജില്ലയിലെ കണ്ണോത്ത് , കാസര്‍ഗോഡ് ജില്ലയിലെ പരപ്പ എന്നീ തടി ഡിപ്പോകളിലൂടെയാണ് ചന്ദന തടികള്‍ വിറ്റഴിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ ചന്ദന തടികള്‍ വിറ്റഴിക്കുന്നത് ചന്ദന ഇ ലേലത്തിലൂടെയാണ്. ഇ ലേലത്തില്‍ കുറഞ്ഞത് അഞ്ചു കിലോ ചന്ദനം വരെയാണ് ലേലത്തില്‍ വച്ചു വരുന്നത്.കര്‍ണ്ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്റ് പോലുള്ള കമ്പനികളോടു ചെറുകിടക്കാര്‍ക്ക് മത്സരിച്ചു നേടുവാന്‍ കഴിയാറില്ല. സ്വകാര്യ വ്യക്തികള്‍ക്കും ഇ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയാറില്ല. കെ.എഫ്.ഡി.സി വില്പപനശാലകളിലൂടെ മാത്രമേ ഒരു കിലോ വരെ വ്യക്തികള്‍ക്ക് വാങ്ങുവാന്‍ നിലവില്‍ കഴിയുകയുള്ളു. സ്വകാര്യ വ്യക്തികള്‍ക്കും ചെറു ക്ഷേത്രങ്ങള്‍ക്കും ചില ദേവസ്വം ബോര്‍ഡുകള്‍ക്കും പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
ക്ലാസ് നാല് വിഭാഗത്തില്‍ പ്പെടുന്ന ഗോട്ട് ല, ക്ലാസ്സ് ആറ് വിഭാഗത്തില്‍പ്പെടുന്ന ബാഗ്‌റദാദ്, ക്ലാസ്സ് 14 വിഭാഗത്തില്‍പ്പെടുന്ന സാപ്പ് വുഡ് ബില്ലറ്റ് എന്നീ ചന്ദനങ്ങളാണ് ഈ സംവിധാനത്തിലൂടെ വിറ്റഴിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. 50,100, 200, 500,600 ഗ്രാം, ഒരു കിലോ വരെയുള്ള കഷ്ണങ്ങളാണ് വ്യക്തികള്‍ക്ക് നല്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
തിരിച്ചറിയല്‍ രേഖകളുമായി പ്രവൃത്തി ദിവസം രാവിലെ 10 മണി മുതല്‍ 5 മണി വരെ ഡിപ്പോകളില്‍ നിന്നും ചന്ദനം ലഭിക്കും. എന്നാല്‍ ആരാധനാലയങ്ങള്‍, അംഗീകൃത കരകൗശല വസ്തു നിര്‍മ്മാണ സ്ഥാപനങ്ങള്‍, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് കൂടുതല്‍ ചന്ദനം വാങ്ങാവുന്നതുമാണ്.
ഒരു ഡിപ്പോക്ക് ആദ്യമായി 200 കിലോ ചന്ദന തടികള്‍ നല്കും. തുടര്‍ന്ന് ആവശ്യപ്രകാരം കൂടുതല്‍ ചന്ദനം നല്കും. 50 ഗ്രാം മുതലുള്ളവ അളന്ന് നീളം, തൂക്കം എന്നിവ തിട്ടപ്പെടുത്തി വനംവകുപ്പിന്റെ മുദ്രവച്ച് വില നിശ്ചയിച്ച് ഡിപ്പോകള്‍ക്ക് നല്കും. ഇവയെല്ലാം രേഖപ്പെടുത്തിയ ബില്ലും ഉപഭോക്താവിന് നല്കും. കഴിഞ്ഞ ചന്ദന ഇ ലേലത്തിലെ ശരാശരി വിലയുടെ പത്ത് ശതമാനം കൂടി കൂട്ടിയാണ് വില നിശ്ചയിച്ച് നല്കുന്നത്. ഈ വിലയോടൊപ്പം വനവികസന നികുതി, ജി.എസ്.ടി, വരുമാന നികുതി എന്നിവയും ചേര്‍ത്താണ് വില നിശ്ചയിക്കുന്നത്. തൂക്കത്തിന് അനുസരിച്ചായിരിക്കും വില നിശ്ചയിച്ചു നല്കുന്നത്. മറയൂരില്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് ചന്ദന ഇ ലേലം നടക്കുന്നത്. ഇ ലേലത്തിലൂടെ കൂടുതല്‍ ചന്ദനം ശേഖരിക്കേണ്ട സാഹചര്യം പല ക്ഷേത്രങ്ങള്‍ക്കുമുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി ആവശ്യത്തിന് മാത്രം ചന്ദനം വാങ്ങുന്നതിന് ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."