വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. ജോര്‍ജിനെതിരായ അച്ചടക്ക നടപടികള്‍ പൂര്‍ണമായും ഒഴിവാക്കി. ജോര്‍ജ് കേസില്‍ സാക്ഷി മാത്രമാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കി.
ജോര്‍ജിനെതിരേ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും പ്രതി ചേര്‍ക്കാത്തതിനാല്‍ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
കേസില്‍ പ്രതികളായ ഒന്‍പത് പൊലിസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പൊലിസുകാരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കേസില്‍ ഉണ്ടായതെന്നും അധികാരം ദുരുപയോഗപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എ.വി ജോര്‍ജുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും അന്ന് ഉത്തരവിലുണ്ടായില്ല. പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ കേരളാ പൊലിസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തുന്നതിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. അടിപിടിയെ തുടര്‍ന്നു വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്ത് അടക്കം 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുമ്പോഴും കസ്റ്റഡിയിലും പൊലിസ് മര്‍ദിച്ചതിന്റെ ഫലമായുണ്ടായ ഗുരുതര പരുക്കുകള്‍ മൂലമാണു ശ്രീജിത്ത് മരിച്ചതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.
എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും മര്‍ദിച്ചു കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുറ്റവിമുക്തനായതോടെ ജോര്‍ജിന് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."