ഭീമ - കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി ഈ മാസം 17 വരെ നീട്ടി. യു.എ.പി.എ നിയമപ്രകാരം അറസ്റ്റ്ചെയ്യപ്പെട്ട വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ചരിത്രകാരി റൊമീലാ ഥാപ്പര്‍, പ്രൊഫ. പ്രഭാത് പട്നായിക് എന്നിവര്‍ നല്കിയ ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവേണ്ടിയിരുന്ന മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിങ്വി ഇന്നലെ മറ്റൊരു കേസില്‍ തിരക്കായതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്ന ഇവരുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പരിഗണിക്കുകയായിരുന്നു. കേസ് 17നു വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കേസില്‍ ഹരജിക്കാരുടെ ഇടപെടാനുള്ള അവകാശംതന്നെ ചോദ്യം ചെയ്തു. ഹരജിക്കാര്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഇത്തരം ഗൗരവമുള്ള ക്രിമിനല്‍ കേസുകളില്‍ ഇടപെടാന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, അറസ്റ്റിലായവരുടെ ബന്ധുക്കളും ഹരജി നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ കക്ഷിചേരുക മാത്രമാണ് ചെയ്തതെന്നും ഹരജിക്കാരുടെ അഭിഭാഷകന് അറിയിച്ചു. കഴിഞ്ഞമാസം 20നാണ് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ജൂണില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഭാഷകന് സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യ മിനാല്‍ ഗാഡ്ലിങ് മഹാരാഷ്ട്ര പൊലിസിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഇന്നലെ കോടതിയില്‍ ഉന്നയിച്ചു. മൂന്നാംകിട ക്രിമിനലുകളോടെന്ന പോലെയാണ് സുരേന്ദ്ര ഗാഡ്ലിങ്ങിനോട് പൊലിസ് പെരുമാറുന്നതെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."