നിലപാട് വ്യക്തമാക്കാതെ വോട്ടു ചോദിച്ചത് ദോഷമായി: സി.പി.എം സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം: പാര്‍ട്ടി കോട്ടയായ മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി.
കേരളത്തില്‍ രാഹുല്‍ ഗാന്ധികൂടി മത്സരിക്കാനെത്തിയതോടെ രാഷ്ട്രീയ കാലാവസ്ഥതന്നെ മാറി. ഇതോടൊപ്പം ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വേണമായിരുന്നു വോട്ട് ചോദിക്കാനെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യുന്ന പാര്‍ട്ടി സംസ്ഥാന സമിതി യിലായിരുന്നു വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.
ശബരിമല പ്രചാരണ വിഷയമാക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചു. വിഷയത്തില്‍ ആദ്യം പാര്‍ട്ടിയും സര്‍ക്കാരും ഒരുനിലപാട് എടുത്ത് മുന്നോട്ട് പോയി. എന്നാല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടി അത് ചര്‍ച്ച ചെയ്യാതിരുന്നത് മനപൂര്‍വമായിരുന്നു. പ്രകോപനമുണ്ടാക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെങ്കില്‍ പോലും പിന്നീട് തിരിച്ചടിയാവുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്ന പാളിച്ചകളാണ് പ്രധാനമായും സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നത്.
നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നെന്നാണ് വിമര്‍ശനങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുവോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നെന്നും കാസര്‍കോട് പാര്‍ട്ടിയില്‍ തന്നെ ഗൂഢാലോചന നടന്നുവെന്നും അതിന്റെ ഫലമായി പാര്‍ട്ടിവോട്ടുകള്‍ ഉണ്ണിത്താനുപോയെന്നും ഇന്നലെ യോഗം അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."