പ്രതിക്കൂട്ടില്‍ പൊലിസും പാര്‍ട്ടി നേതൃത്വങ്ങളും
പയ്യന്നൂര്‍: പയ്യന്നൂരില്‍ അശാന്തി വിതച്ച് രാഷ്ട്രീയ കൊലപാതകം അരങ്ങേറുമ്പോള്‍ പ്രതിസ്ഥാനത്ത് പൊലിസും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും. നേരത്തെ നടന്ന ഇരട്ടകൊലപാതക കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ധനരാജ്, രാമചന്ദ്രന്‍ വധക്കേസുകളിലെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. ഇതില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ധനരാജ് വധക്കേസില്‍ പൊലിസ് കോടതിയില്‍ നല്‍കിയ കുറ്റപത്രം അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി കോടതി തിരിച്ചയക്കുകയായിരുന്നു. പയ്യന്നൂരിലും പരിസരങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നിസാര പ്രശ്‌നങ്ങള്‍ ഒടുവില്‍ കൊലപാതകത്തിലെത്തുമ്പോഴും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിളിച്ച് സര്‍വകക്ഷി യോഗം വിളിക്കാനോ സമാധാനശ്രമം നടത്താനോ പൊലിസ് തയ്യാറായില്ല.
അതിനിടെ വരമ്പത്ത് കൂലിതരുമെന്ന തരത്തിലുള്ള പ്രസ്താവനകളുമായി പയ്യന്നൂരില്‍ നേതാക്കളും രംഗത്തെത്തി. പയ്യന്നൂരില്‍ നടന്ന സി.പി.എം യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ വിവാദമായ 'വരമ്പത്ത് കൂലി പരാമര്‍ശം' ഉണ്ടായത്. ഇതിന് മറുപടിയുമായി ബി.ജെ.പി നടത്തിയ പരിപാടിയില്‍ നേതാക്കളായ എം.ടി രമേശും കെ. സുരേന്ദ്രനും ഉള്‍പ്പടെയുള്ളവര്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി.
ചുരുക്കത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളും കൃത്യമായി നടപടിയെടുക്കാതിരുന്ന പൊലിസും തന്നെയാണ് പയ്യന്നൂരിന്റെ ഉറക്കംകെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."