ടാസ്‌ക് ഫോഴ്‌സ് അംഗബലം കുറച്ചു; കേരളാ ബാങ്ക് ത്രിശങ്കുവില്‍
തൊടുപുഴ: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരളാ ബാങ്ക് ത്രിശങ്കുവിലായിരിക്കെ ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ അംഗബലം കുറച്ചു. ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അടക്കം സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന നാലുപേരെ തിരിച്ചയച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി. ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് പി. നിഷ (സംസ്ഥാന സഹ. ബാങ്ക്), അക്കൗണ്ടന്റ് ആര്‍.ബി. ഗോപിനാഥ് (തിരുവനന്തപുരം ജില്ലാ സഹ. ബാങ്ക്), സ്റ്റെനോ ടൈപ്പിസ്റ്റ് കെ. പ്രീത (സംസ്ഥാന സഹ. ബാങ്ക്), സ്റ്റെനോ ടൈപ്പിസ്റ്റ് റീമാറാണി (തിരുവനന്തപുരം ജില്ലാ സഹ. ബാങ്ക്) എന്നിവരെ അടിയന്തിരമായി വിടുതല്‍ ചെയ്ത് മാതൃസ്ഥാപനത്തിലേക്കയക്കാനാണ് ഉത്തരവ്.
ഓണസമ്മാനമായി കേരളാ ബാങ്ക് ഉണ്ടാകുമെന്നാണ് ഒടുവില്‍ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തത്വത്തിലുള്ള അംഗീകാരംപോലും റിസര്‍വ് ബാങ്കില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.
കേരളാ ബാങ്ക് രൂപീകരണം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനായി ഇതുവരെ രണ്ടുകോടിയിലധികം ചെലവഴിച്ചുകഴിഞ്ഞു. 2017 ജൂണ്‍ രണ്ടിനാണ് നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥിനെ ചെയര്‍മാനാക്കി സര്‍ക്കാര്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. 2017 മെയ് 31നാണ് ഇദ്ദേഹം നബാര്‍ഡില്‍നിന്ന് വിരമിച്ചത്. ചെയര്‍മാന് പുറമെ മൂന്ന് അംഗങ്ങളേയും നാല് അസോസിയേറ്റ് ഓഫിസര്‍മാരേയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറേയും നിയമിച്ചു.
ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന് ഒന്നര ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. കൂടാതെ വാഹന അലവന്‍സായി 30,000 രൂപയും ഹൗസ് റെന്റ് അലവന്‍സായി 20,000 രൂപയും പ്രതിമാസം അനുവദിക്കുന്നുണ്ട്. അംഗങ്ങളായ പ്രതാപ് ആര്‍ മേനോന് രണ്ട് ലക്ഷം, ഇ.കെ. ഹരികുമാറിന് ഒന്നേകാല്‍ ലക്ഷം, കെ.വി. പ്രഭാകര മാരാര്‍ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ശമ്പളം. പ്രതാപ് ആര്‍ മേനോന് ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തി മടങ്ങാനുള്ള വിമാനക്കൂലിയും അനുവദിക്കുന്നുണ്ട്. നാലംഗങ്ങളെ ഉള്‍പ്പെടുത്തി ലീഗല്‍ സെല്ലും രൂപീകരിച്ചിട്ടുണ്ട്.
ടാസ്‌ക് ഫോഴ്‌സിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപയാണ്. ദൈനംദിന ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപ ഇംപ്രസ്റ്റ് മണി (മുന്‍കൂറായി നല്‍കുന്ന പണം) യായി നല്‍കുന്നുണ്ട്. ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്താനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കോടികള്‍ ചെലവഴിച്ചിട്ടും കേരളാ ബാങ്കിന് ആര്‍.ബി.ഐ യില്‍ നിന്ന് തത്വത്തിലുള്ള അംഗീകാരം പോലും നേടിയെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."