കണ്ണൂര്‍ കൊല: അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്‍കി.
പയ്യന്നൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നംഗ ബി.ജെ.പി പ്രതിനിധിസംഘം നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഉടനടി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഒരുതരത്തിലുള്ള അക്രമങ്ങളും വച്ചുപൊറുപ്പിക്കരുതെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ കൊലപാതകം ദേശീയശ്രദ്ധയില്‍ കൊണ്ടുവരികയാണ് ബി.ജെ.പി ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കണ്ണൂരില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായതായി രാജഗോപാലും സംഘവും ഗവര്‍ണറെ അറിയിച്ചു. അതില്‍ 13 തവണയും ജീവന്‍ നഷ്ടമായത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ്. കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ശാശ്വത സമാധാനം ഉണ്ടാവാന്‍ സൈനികര്‍ക്കു പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) ഏര്‍പ്പെടുത്തണമെന്നും രാജഗോപാല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ പിണറായി വിജയന് നിയന്ത്രണമില്ല. ഇവരെ നിയന്ത്രിക്കാന്‍ കേരളാ പൊലിസിനും സാധിക്കുന്നില്ല. അതിനാലാണ് അഫ്‌സ്പ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനായി ഗവര്‍ണര്‍ പ്രത്യേകാധികാരം ഉപയോഗിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, ബി.ജെ.പി നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടിക്കെതിരേ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് അഡ്രസ് അറിയാത്തതുകൊണ്ടല്ല ബി.ജെ.പി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഗവര്‍ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യമെന്നും രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."