അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. മന്ത്രിക്കൊപ്പം കരസേനാ മേധാവി ജന. ബിപിന്‍ റാവത്തും സിയാച്ചിനിലെത്തും.
പ്രതിരോധ മന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് രാജ്നാഥ് സിങ് സിയാച്ചിനിലേക്ക് പോകുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മേഖലയായ സിയാച്ചിനില്‍ സൈനികരുമായി അതിര്‍ത്തിയിലെ സുരക്ഷയെ സംബന്ധിച്ച് മന്ത്രി ചര്‍ച്ച ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സിയാച്ചിന്‍ മേഖലയിലെ സൈനിക വിന്യാസത്തെക്കുറിച്ച് മന്ത്രി ചര്‍ച്ച നടത്തും. മേഖലയില്‍ കരസേനയുടെ സഹായത്തിനുള്ള വ്യോമസേനയുടെ ദൗത്യത്തെക്കുറിച്ചും മന്ത്രി വിലയിരുത്തും.
ഉത്തര സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്, 14ാം കോര്‍പ്സ് കമാന്‍ഡറും കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലഫ്. ജനറല്‍ വൈ.കെ ജോഷി തുടങ്ങിയവരും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളാകും.
സമുദ്രനിരപ്പില്‍ നിന്ന് 23,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ ചില സമയങ്ങളില്‍ ശ്വസിക്കാന്‍ വായു പോലുമില്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇവിടെ സുരക്ഷക്കായി നിയോഗിച്ച സൈനികരുമായും മന്ത്രി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."