ടിപ്പറുകളുടെ പരക്കം പാച്ചില്‍ യാത്രക്കാര്‍ ഭീതിയില്‍
കൊട്ടാരക്കര: പകല്‍ സമയങ്ങളില്‍ റോഡുകളിലൂടെ ടിപ്പര്‍ ലോറികള്‍ പായുന്നത് വാഹനയാത്രക്കാര്‍ക്കും, വഴിയാത്രക്കാര്‍ക്കും ഭീതിയുയര്‍ത്തുന്നു. പാറയും, മണലും, മണ്ണും യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ടിപ്പര്‍ ലോറികളില്‍ റോഡിലൂടെ കൊണ്ടുപോകുന്നത്. ജില്ലയില്‍ പാറ ക്വാറികളുടെ പ്രവര്‍ത്തനം നിറുത്തി വച്ചതോടെ സമീപ ജില്ലയില്‍ നിന്നാണ് പാറയും അനുബന്ധ വസ്തുക്കളും എത്തിക്കുന്നത്.
പ്രധാനമായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് കൊല്ലം ജില്ലയിലേക്ക് ഇത്തരം സാധനങ്ങള്‍ എത്തുന്നത്. റോഡിലൂടെ പോകുന്ന ടിപ്പര്‍ ലോറികളും ടോറസ് ലോറികളും മറ്റു വാഹനങ്ങള്‍ക്കും റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും ഭീഷണിയായി മാറുന്നുണ്ട്.
പാസില്ലാതെയും പാസോടുകൂടിയും റോഡിലൂടെ പോകുന്ന ഇത്തരം വാഹനങ്ങള്‍ റോഡു നിയമങ്ങള്‍ പാലിക്കാറില്ല. മറ്റു വാഹനങ്ങളെ സൈഡ് നല്‍കി കയറ്റി വിടാനോ ഓവര്‍ടേക്ക് ചെയ്യുവാനോ ലോറിക്കാര്‍ അവസരം നല്‍കാറില്ല.
ഇടതു വശം ചേര്‍ന്ന് പോകേണ്ട ലോറികള്‍ റോഡിന്റെ മധ്യഭാഗം ചേര്‍ന്നാണ് പോകുക. ഇത് ബസുകള്‍ അടക്കമുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടാകാറുണ്ട്. പുറകേ വരുന്ന വാഹനങ്ങളുടെയോ മുമ്പേ പോകുന്ന വാഹനങ്ങളുടെയോ സുരക്ഷിതത്വം നോക്കാതെയാണ് നിര്‍മാണ സാമഗ്രികളുമായി പോകുന്ന ലോറികളുടെ പരക്കം പാച്ചില്‍.
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതലായി ടിപ്പര്‍ ലോറികളും ടോറസ് ലോറികളും സര്‍വിസ് നടത്തുന്നത്. ബൈപാസ് നിര്‍മാണത്തിന് ആവശ്യമായ മണ്ണ് എത്തിക്കുന്നത് ഇവിടെ നിന്നാണ്.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് നിലം നികത്തുവാനും വീട് നിര്‍മാണാവശ്യത്തിന് കിഴക്കന്‍ മേഖലയില്‍ നിന്നാണ് മണ്ണ് എത്തിക്കുന്നത്. ബൈപാസ് നിര്‍മാണത്തിന്റെ പേരില്‍ ഈ മേഖലകളിലേക്കും മണ്ണ് കടത്ത് നടത്തുന്നുണ്ട്. ഇങ്ങനെ പോകുന്ന ലോറികള്‍ യാതൊരു സുരക്ഷിതത്വവും പാലിക്കാറില്ല. ലോറികളില്‍ കയറ്റികൊണ്ടുപോകുന്ന മണ്ണ് അളവിലധികമായിരിക്കും.
ഈ മണ്ണ് മേല്‍ മൂടി മൂടുന്നതും മൂടാത്തതും ഒരു പോലെയാണ്. ലോറിയുടെ മുകളില്‍ മേല്‍മൂടിയാലും ലോറികളുടെ പരക്കം പാച്ചില്‍ മൂലം മണ്ണ് റോഡില്‍ പതിക്കും. പുറകെ വരുന്ന ഇരുചക്രമുചക്ര വാഹനയാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
പൊലിസോ മറ്റ് അധികാരികളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ പൊലിസിനു കഴിയുന്നുമില്ല. ജനങ്ങള്‍ ഭീതിയോടെയാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."