ഒഡിഷയില്‍ അമ്മയെ കൊലപ്പെടുത്തി മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍
അറസ്റ്റിലായത് പെരുമ്പാവൂരില്‍ വച്ച്
പെരുമ്പാവൂര്‍: ഒഡിഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി ബിജയകുമാര്‍ ബെഹ്റ (20) യെയാണ് പെരുമ്പാവൂര്‍, ഒഡിഷാ പൊലസ് സംഘം സംയുക്തമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ അല്ലപ്രയിലെ പ്ളൈവുഡ് കമ്പനിയില്‍ ജോലി ചെയ്ത് കഴിയുകയായിരുന്നു.
ഒരു മാസം മുന്‍പാണ് സംഭവം. ഇതേ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡിപ്പിച്ച കേസിലും പ്രതിയാണ് ബിജയകുമാര്‍. ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടുകാരന് വിക്കിക്കൊപ്പം പെണ്‍കുട്ടിയേയും മാതാവിനേയും ആളൊഴിഞ്ഞ കുന്നിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.പഴയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയത്.
ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയെ മാതാവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച മാതാവിനെ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ പ്രതികളിലൊരാളായ വിക്കിയെ പൊലിസ് പിന്നീട് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാറിനെ തേടി ഒഡിഷ പൊലിസ് പെരുമ്പാവൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."