പ്ലസ് വണ്‍ പ്രവേശനം: വര്‍ധിപ്പിച്ച സീറ്റില്‍ സംവരണം പാലിക്കും
വിട്ടുപോയവര്‍ക്കും അപേക്ഷിക്കാം
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറിക്ക് അധികമായി അനുവദിച്ച 20 ശതമാനം സീറ്റില്‍ സംവരണം പാലിക്കുമെന്ന് സര്‍ക്കാര്‍. ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള വേക്കന്‍സികളും അധികമായുള്ള 20 ശതമാനം സീറ്റുകളും ഉള്‍പ്പെടുത്തി സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് ജൂണ്‍ പത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പിലുള്ളത്.
മലബാര്‍ മേഖലയില്‍ ആയിരക്കണക്കിന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളില്‍ പഠനം സാധ്യമാവാതെ പുറന്തള്ളപ്പെടുന്ന അവസ്ഥക്കിടെ 20 ശതമാനം സീറ്റു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ വൈകി വന്ന വര്‍ധന വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാവുമോ എന്നതും ഈ സീറ്റുകളില്‍ സംവരണ തത്വം പാലിക്കപ്പെടുമോ എന്ന ആശങ്കയും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കുവച്ചിരുന്നു. ഇത് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
അപേക്ഷ നല്‍കി ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് അധിക സീറ്റുള്‍പ്പെടെയുള്ള സപ്ലിമെന്ററിയിലേക്ക് നിലവിലെ അപേക്ഷ പുതുക്കി നല്‍കാം. പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം. ഇതിനു പുറമേ നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരത്തില്‍ പുതുതായി അപേക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ മാറ്റം, കോമ്പിനേഷന്‍ മാറ്റം, ഇവരണ്ടും ഒന്നിച്ചോ നടത്തുന്നതിനുള്ള അപേക്ഷകള്‍ ഈ മാസം 6,7 തിയതികളില്‍ പ്രവേശനം നേടിയ സ്‌കൂളുകളില്‍ നല്‍കാം. ഏഴിന് ഉച്ചയ്ക്ക് മൂന്നു വരെയാണ് ഇതിനുള്ള സമയം. സ്‌കൂള്‍, കോമ്പിനേഷന്‍ മാറത്തിന് ശേഷമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഈ മാസം പത്തിനാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക. ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച എല്ലാവര്‍ക്കും പൊതു വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഡയരക്ടര്‍ ഉറപ്പ് പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."