എം.ബി.എ സീറ്റുകള്‍ ഒഴിവുണ്ട്; പ്രവേശനമില്ല
കോഴിക്കോട്: സംസ്ഥാനത്ത് നിരവധി മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ഥികള്‍.
എം.ബി.എ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷകള്‍ ബിരുദഫലം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് നടത്തിയതാണ് വിദൂരവിദ്യാഭ്യാസംവഴി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണം. അതേസമയം യോഗ്യതാപരീക്ഷകള്‍ ഇല്ലാതെ ബംഗ്‌ളൂരുവിലേയും ചെന്നൈയിലേയും സ്വാശ്രയസ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി കാന്‍വാസിങ് നടത്തുമ്പോഴാണ് ഇവിടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും.
സംസ്ഥാനത്തെ എം.ബി.എ പ്രവേശനത്തിന് എ.ഐ.സി.ടി.ഇ നടത്തുന്ന സിമാറ്റ്, എ.ഐ.എം.എ നടത്തുന്ന മാറ്റ് അല്ലെങ്കില്‍ കേരളത്തിലെ അഡ്മിഷന്‍ റഗുലേറ്ററി കമ്മിറ്റി നടത്തുന്ന കെമാറ്റ് ഇവയില്‍ ഏതെങ്കിലും എഴുതി യോഗ്യത നേടണമെന്നാണ് നിയമം.
ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായുള്ള മാറ്റ് പരീക്ഷ ഏപ്രിലില്‍ കഴിഞ്ഞെങ്കിലും കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കോഴിക്കോട് സര്‍വകലാശാല ഏതാനും ദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ നാല് സര്‍വകലാശാലകളുടെ കീഴിലായി നൂറോളം വരുന്ന എം.ബി.എ കോളേജുകളില്‍ എണ്ണായിരത്തില്‍പരം സീറ്റുകളാണുള്ളത്.
ആവശ്യക്കാര്‍ ഏറെയുണ്ടായിട്ടും പ്രവേശനപരീക്ഷ എഴുതാത്തകാരണത്താല്‍ ഇതില്‍ നല്ലൊരുപങ്കു സീറ്റുകളും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
കേരളത്തിലെ നിരവധി എം.ബി.എ വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ഥികളോടുള്ള ഈ അവഗണനയില്‍ ഉടനെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
ഈആവശ്യം ഉന്നയിച്ച് മലബാര്‍ മേഖലയിലെ പതിനേഴ് എം.ബി.എ സ്ഥാപനങ്ങളുടെ ഏകോപന വേദിയായ അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി.
എല്ലാ സര്‍വകലാശാലകളുടെയും ബിരുദപരീക്ഷകള്‍ പുറത്തുവന്നതിനുശേഷം ഒരു കേരളാ മാറ്റ് കൂടി നടത്തുകയോ അല്ലെങ്കില്‍ എ.ഐ.എം.എ സെപ്തംബര്‍ മാസത്തില്‍ നടത്തുന്ന മാറ്റ് പരീക്ഷയില്‍ നിന്നും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയോ ചെയ്യുക എന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."