സഹകരണ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നവരെ സര്‍ക്കാരും ജനപ്രതിനിധികളും സഹായിക്കരുത്: മന്ത്രി ജി.സുധാകരന്‍
ചേര്‍ത്തല: സഹകരണ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നവരെ സര്‍ക്കാരും ജനപ്രതിനിധികളും പൊതുസമൂഹവും സഹായിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32 സഹകരണ ബാങ്കുകളാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കൊള്ളയടിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റ് ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് പരിശോധിക്കും. കോടികളുടെ ക്രമക്കേട് നടന്ന പട്ടണക്കാട്, മാവേലിക്കര എന്നിവിടങ്ങളിലെ ഭരണ സമിതികള്‍ തുടരുകയാണ്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും എതിര്‍ക്കപ്പെടേണ്ടതാണ്.
സഹകരണ പ്രസ്ഥാനമെന്നാല്‍ പട്ടണക്കാട് മോഡലല്ല. മേഖലയെ അഴിമതി രഹിതമാക്കേണ്ടതുണ്ട്. സഹകാരികള്‍ ആത്മവിശ്വാസം വളര്‍ത്തണം. സഹകരണ മേഖലയിലെ വേറിട്ട പ്രവര്‍ത്തനങ്ങളോടൊപ്പം കാര്‍ഷിക മേഖലയിലും വിജയം കൊയ്യുന്ന ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് സി.വി മനോഹരന്‍ അധ്യക്ഷത വഹിച്ചു. കോര്‍ ബാങ്കിങ് മന്ത്രി പി. തിലോത്തമനും സ്‌ട്രോങ് റൂം എ.എം ആരീഫ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ആദ്യനിക്ഷേപം സ്വീകരിക്കുകയും ഭൂ ഉടമകളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ കര്‍ഷകരെ ആദരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജി മോഹനന്‍ ഉപഹാര സമര്‍പ്പണവും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡന്റ് വി.എ സേതുലക്ഷ്മി, ബാങ്ക് സെക്രട്ടറി ബി. ജോഷി, ടി.എസ് രഘുവരന്‍, പി. പ്രസേനന്‍, ബി. സലിം, എം. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."