സലിംരാജിനെ കുറ്റവിമുക്തനാക്കിയ ഫയല്‍ കോടതി മടക്കി
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോര്‍ട്ട് കോടതി മടക്കി. സലിംരാജ് ഉള്‍പ്പെടെ എഫ്.ഐ.ആറില്‍ പേര് ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതിനു കാരണം എന്തെന്നും കോടതി ആരാഞ്ഞു.
ഇവരെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കുറ്റപത്രം അപൂര്‍ണമാണെന്നും തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി.വി.ബാലകൃഷ്ണന്‍ നിരീക്ഷിച്ചു. ഇതെല്ലാം ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
കടകംപള്ളി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് 2014 ഏപ്രിലില്‍ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ 27പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ സലിംരാജ് 21ാം പ്രതിയും ഭാര്യയും ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ ഓഫിസിലെ ഉദ്യോഗസ്ഥയുമായ ഷംഷാദ് 22ാം പ്രതിയുമായിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയബീവി എന്നിവര്‍മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. കടകംപള്ളി വില്ലേജില്‍ 188 വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 45.50 ഏക്കര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുത്തു എന്നാണ് കേസ്. 14 കോടിയുടെ തട്ടിപ്പ് നടന്നിരുന്നതായും ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ മാത്രം 60 ലക്ഷം ചെലവഴിച്ചതായും സി.ബി.ഐ കണ്ടെത്തിയിരുന്നു.
ആദ്യം വിജിലന്‍സ് അന്വേഷിച്ച കേസ് പരാതിക്കാരുടെ ആവശ്യപ്രകാരം ഹൈക്കോടതി സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."