സ്വകാര്യ കോളജ് വിദ്യാര്‍ഥിക്ക് നിപാ സംശയം: തൊടുപുഴയില്‍ അധികൃതര്‍ പരിശോധന നടത്തി
തൊടുപുഴ: തൊടുപുഴയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയായ പറവൂര്‍ സ്വദേശിക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയമുയര്‍ന്നതിനെ തുടര്‍ന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പെരുമ്പിള്ളിച്ചിറയിലെ കോളജിലും പരിസരങ്ങളിലും പരിശോധന നടത്തി. ഇടുക്കി ഡി.എം.ഒ ഡോ. എന്‍.പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോളജിനുസമീപം വീട് വാടകയ്‌ക്കെടുത്ത് നാല് സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥി താമസിച്ചുവന്നിരുന്നത്.പരീക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞ 16നാണ് ഇവിടെ നിന്നും പറവൂരിലെ വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് 21 മുതല്‍ 24 വരെ ഈ വിദ്യാര്‍ഥി തൃശൂരില്‍ പരിശീലനത്തിന് പോയിരുന്നു.
ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ ബാധിച്ചതായി സംശയമുയര്‍ന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് ആരോഗ്യവകുപ്പധികൃതര്‍ ഇടുക്കി ജില്ലയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി പെരുമ്പിള്ളിച്ചിറയില്‍ വിദ്യാര്‍ഥി താമസിച്ചുവന്നിരുന്ന വീടിന് സമീപത്തുള്ളവരില്‍ ആര്‍ക്കെങ്കിലും പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ അന്വേഷിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഡെപ്യൂട്ടി ഡി.എ.ംഒ ഡോ.പി.കെ.സുഷമയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
നിപ്പാ പിടിപെട്ടതായി സംശയിക്കുന്ന വിദ്യാര്‍ഥിയോടൊപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളുമായി ഫോണില്‍ വിളിച്ചും വിവരങ്ങള്‍ ആരാഞ്ഞു.
ഇവരില്‍ ആര്‍ക്കും പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.എന്നാല്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതിനിടെ ജില്ലയില്‍ പനിബാധിതരായി ചികില്‍സ തേടിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."