വ്യാജ പാസ്‌പോര്‍ട്ട്: ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും രേഖകളും കണ്ടെടുത്തു
കാഞ്ഞങ്ങാട്: വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട് തരപ്പെടുത്തുന്നതിന് ഒത്താശ ചെയ്ത നഗരത്തിലെ ട്രാവല്‍സില്‍ ഹൊസ്ദുര്‍ഗ് പൊലിസ് നടത്തിയ പരിശോധനയില്‍ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെടുത്തു. ചന്തേര പൊലിസ്‌സ്റ്റേഷന്‍ പരിധിയിലെ കാടാങ്കോട്ടെ യൂസഫിന് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തുന്നതിനു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കിയ നഗരത്തിലെ ന്യൂ വേള്‍ഡ് ട്രാവല്‍സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
കഴിഞ്ഞദിവസം പൊലിസ് പിടിയിലായ യൂസഫിന്റെ മൊഴിയെ തുടര്‍ന്നാണ് അന്വേഷണസംഘം നഗരത്തിലെ ട്രാവല്‍സില്‍ പരിശോധന നടത്തിയത്. ഇതിന്റെ ഉടമ അന്തുമായിന്‍ എന്ന അബ്ദുല്‍ റഹിമാന്‍ ഒളിവിലാണ്. സ്ഥാപനത്തില്‍ പൊലിസ് കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ വിവരമറിഞ്ഞ അന്തുമായിന്‍ മുങ്ങുകയായിരുന്നു.
സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേതുള്‍പ്പെടെ 35 വ്യാജ പാസ്‌പോര്‍ട്ട്, ഒട്ടനവധി മാരേജ് സര്‍ട്ടിഫിക്കറ്റുകള്‍, സീലുകള്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ 27 പാസ്‌പോര്‍ട്ടുകള്‍ വ്യാജമാണെന്നു സംശയിക്കുന്നു. ഏഴ് പാസ്‌പോര്‍ട്ടുകള്‍ കാലാവധി കഴിഞ്ഞവയാണ്. ഇയാള്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്തുമായിന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിവരുന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ ട്രാവല്‍സ് കേന്ദ്രീകരിച്ച് നിരവധി ആളുകള്‍ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ചതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണസംഘം പരിശോധന നടത്തി വരുകയാണ്.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് മുന്‍പ് നടന്ന 200ഓളം വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പു സംഭവത്തിലെ അഞ്ചു കേസുകളില്‍ പ്രതിയായിരുന്നു അന്തുമായിന്‍ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രസ്തുത കേസുകളില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഇയാള്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടിയാണു പുറത്തിറങ്ങിയത്. ഈ കേസില്‍ ചില പൊലിസുകാര്‍, പോസ്റ്റുമാന്‍മാര്‍ എന്നിവരുള്‍പ്പടെ നിരവധിപേര്‍ പ്രതികളാണ്.
ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവന്നിരുന്ന 200 ഓളം പാസ്‌പോര്‍ട്ട് കുമ്പകോണ കേസില്‍ ഇപ്പോള്‍ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി) ആണ് അന്വേഷണം നടത്തുന്നത്. പാസ്‌പോര്‍ട്ട് കുമ്പകോണ കേസില്‍ നഗരത്തിലെ മദനി ട്രാവല്‍സ്, ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചില ട്രാവല്‍സ് ഉടമകളും പ്രതികളാണ്.
അതിനിടെ ചന്തേര പൊലിസ് വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്‌ചെയ്ത യൂസഫിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ചെറുവത്തൂരിലെ അക്ഷയ കേന്ദ്രം വഴിയാണ് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.
അപേക്ഷയോടൊപ്പം നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ സംശയം തോന്നിയ വില്ലേജ് ഓഫിസര്‍ ഇക്കാര്യം പൊലിസിനെ അറിയിച്ചതോടെയാണ് തിരിച്ചറിയല്‍ കാര്‍ഡും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."