വിവാദമൊഴിയാതെ ലൈഫ് സാമ്പത്തിക പ്രതിസന്ധിക്കിടെ പദ്ധതി പ്രഖ്യാപനത്തിനായി പൊടിച്ചത് 33 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ലൈഫ് പദ്ധതിയുടെ പ്രഖ്യാപനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം രൂപ.
നേരത്തെ പ്രഖ്യാപനത്തിനുള്ള ചെലവായി നിശ്ചയിച്ചിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പിന്നീട് മൂന്നു ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുമതിയില്ലാതെ അധികം ചെലവാക്കുകയായിരുന്നു. ലൈഫ് മിഷന്‍ 20 ലക്ഷം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം, തിരുവനന്തപുരം നഗരസഭ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്. എന്നാല്‍ ചെലവ് 30 ലക്ഷവും കടന്നു. ഒടുവില്‍ പരിപാടിക്ക് 33,21,223 രൂപ ചെലവായതായാണ് ലൈഫ് മിഷന്റെ കണക്ക്. സ്റ്റേജിനും ഡെക്കറേഷനും പരസ്യത്തിനും മറ്റു പ്രചാരണ പരിപാടികള്‍ക്കും വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചത്.
രേഖകള്‍ പുറത്തുവന്നതോടെ ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ അനാവശ്യ ധൂര്‍ത്ത് കാണിക്കുന്നു എന്ന് പരിപാടിയുടെ ഉദ്ഘാടന വേളയില്‍ തന്നെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് രണ്ടു ലക്ഷം ഭവനങ്ങളുടെ പ്രഖ്യാപനച്ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകന്‍. ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലയില്‍ വീട് കിട്ടിയവരുടെ കുടുംബസംഗമവുമായിരുന്നു പരിപാടി. അന്നു തന്നെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഗുണഭോക്താക്കളുടെ സംഗമം നടത്തി മുഖ്യമന്ത്രിയുടെ സന്ദേശമെത്തിച്ചു. ഇതിന്റെ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
സമയപരിമിതി മൂലം ചില കാര്യങ്ങള്‍ നേരിട്ടു ചെയ്യേണ്ടിവന്നതുകൊണ്ടാണ് മൂന്നു ലക്ഷം അധികം ചെലവാക്കേണ്ടിവന്നതെന്നാണ് ലൈഫ് മിഷന്റെ വിശദീകരണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മൂന്നു ലക്ഷം രൂപ അധികം ചെലവഴിച്ചതെങ്കിലും പണം സര്‍ക്കാര്‍ ലൈഫ് മിഷനു നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കരുതെന്ന നിര്‍ദേശത്തോടെയാണ് പണം നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷനില്‍ ഒരു ഗുണഭോക്താവിന് നാലു ലക്ഷം രൂപയാണ് വീടു വയ്ക്കാന്‍ നല്‍കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കെതിരേ തന്നെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്ന വേളയിലാണ് അധിക ചെലവിനെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."