വനിത ശരീഅത്ത് കോളജിന് ജിഫ്‌രി തങ്ങള്‍ ശിലയിട്ടു വയനാടിന്റെ വിജ്ഞാന ഭൂപടത്തിലേക്ക് ആദ്യ ചുവടുവച്ച് കോറോം
കോറോം: വയനാടിന്റെ വിജ്ഞാന ഭൂമികയിലേക്ക് ആദ്യചുവട് വച്ച് കോറോം പ്രദേശം. സമസ്ത വെള്ളമുണ്ട മേഖലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ കോറോത്ത് ആരംഭിക്കുന്ന വനിതാ ശരീഅത്ത് കോളജിന് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ശിലയിട്ടു.
ഇതോടെ കോറോം പ്രദേശത്തിന്റെ വിജ്ഞാന ഭൂപടത്തില്‍ പുതിയ തിലകക്കുറി ചാര്‍ത്തപ്പെട്ടു. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക വിദ്യഭ്യാസവും കോര്‍ത്തിണക്കി സ്ത്രീകളെ വിദ്യാസമ്പന്നരാക്കുകയാണ് സമസ്ത. വയനാടടക്കമുള്ള ജില്ലകളില്‍ ഇതിന്റെ ഭാഗമായാണ് സമസ്തയുടെ കീഴില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. കോറോത്ത് ആരംഭിക്കുന്ന ഇമാം ഫഖ്‌റുദ്ദീന്‍ റാസി അക്കാദമി ശരീഅത്ത് കോളജും ഇത്തരത്തിലുള്ള സംരഭമാണ്. ഇതിനായി കൈാകോര്‍ത്ത വെള്ളമുണ്ടയിലെ പ്രവര്‍ത്തകര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് കാലഘട്ടത്തിന്റെ അനിവാര്യത കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തകരാണ് സമസ്തയുടെ ശക്തിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
കെട്ടിട നിര്‍മാണത്തിലേക്കുള്ള ആദ്യ ഫണ്ട് ചടങ്ങില്‍ വച്ച് പാലത്തായി മൊയ്തുഹാജി ജിഫ്‌രി തങ്ങള്‍ക്ക് നല്‍കി. അക്കാദമിക്ക് സൗജന്യമായി ഭൂമി നല്‍കിയ എ.വി മോയി ഹാജി ഭൂമിയുടെ ആധാരവും കോളജിന് കിണര്‍ കുഴിക്കാനായി ഭാര്യ മറിയം നല്‍കിയ തുകയും തങ്ങളെ ഏല്‍പ്പിച്ചു. എ.പി മമ്മു ഹാജി അധ്യക്ഷനായ ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സിദ്ധീഖ് റഹ്മാനി പദ്ധതി വിശദീകരിച്ചു. ഇബ്രാഹീം മുറിച്ചാണ്ടി, ഹുസൈന്‍ ഹാജി കുഞ്ഞോം,ഷൗക്കത്തലി മൗലവി വെള്ളമുണ്ട,ഉസ്മാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
പരിപാടിക്ക് മുന്നോടിയായി നടന്ന ഉലമാ-ഉമറാ സംഗമം മമ്മുട്ടി നിസാമി തരുവണ ഉദ്ഘാടനം ചെയ്തു. ഏരി മൊയ്തു ഹാജി അധ്യക്ഷനായി. കെ.സി മമ്മുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജംഷീര്‍ ബാഖവി, മൊയ്തു മുസ്‌ലിയാര്‍ സംസാരിച്ചു. എം.സി ഉമര്‍ മൗലവി സ്വാഗതവും പി മായന്‍ ഹാജി നന്ദിയും പറഞ്ഞു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ധാര്‍മിക പഠനവും കേരള സര്‍ക്കാരിന്റെ പ്ലസ്ടു ഹ്യൂമാനിറ്റീസും അടങ്ങുന്ന കരിക്കുലര്‍ അടിസ്ഥാനമാക്കിയുള്ള കോഴ്‌സാണ് ഇവിടെ നല്‍കുന്നത്. പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങും പാരന്റിങ് ആന്റ് ചൈല്‍ഡ് സൈക്കോളജിയില്‍ ഡിപ്ലോമ കോഴ്‌സും പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കാം. ഈ അധ്യയന വാര്‍ഷാരംഭത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും. ഇത്തവണ കോറോം മദ്‌റസയിലാണ് ക്ലാസുകള്‍ ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."