ഇനി വേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നു. എന്നാല്‍ രൂപീകരണ തിയതി സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. താഷ്‌കന്റില്‍ വച്ച് 1920 ഒക്ടോബര്‍ 17ന് എം.എന്‍ റോയിയും സംഘവും ചേര്‍ന്ന് ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. ഇതാണ് സി.പി.എം കണക്കാക്കുന്നത്. അക്കാലത്ത് റഷ്യ കേന്ദ്രീകരിച്ചുകൊണ്ടാണ് ലോകത്ത് കമ്മ്യൂണിസ്റ്റ് ചിന്തകളും പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യയശാസ്ത്രം കയറ്റി അയക്കുകയായിരുന്നു റഷ്യയെന്ന് ആലങ്കാരികമായി പറയാം. ഒക്ടോബര്‍ 17 എന്നത് റഷ്യന്‍ വിപ്ലവത്തിന്റെ ഓര്‍മദിനവുമാണല്ലോ.
ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ടാക്കാനുള്ള ശ്രമം റഷ്യ നടത്തിയിരുന്നു. അതിന്റെ ഭാഗം തന്നെയായിരുന്നു എം.എന്‍ റോയിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കമ്മിറ്റി. റഷ്യയിലും ചൈനയിലുമൊക്കെ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്ന ആരോപണം കമ്മ്യൂണിസ്റ്റുകള്‍ നേരിടുകയും ചെയ്തു. ദേശീയതയില്‍ നിന്നുകൊണ്ടുള്ള സ്വതന്ത്രമായ ഒരസ്തിത്വം അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ല. എന്നാല്‍ നക്‌സലൈറ്റുകള്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനം റഷ്യന്‍ കമ്മ്യൂണിസത്തോട് അത്ര ആഭിമുഖ്യം പുലര്‍ത്തിയവരല്ല. അവരുടെ വഴികാട്ടി ചൈനയും മാവോയുമായിരുന്നു. അതുകൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ വാസ്തുശില്‍പിയായി പരിഗണിക്കപ്പെടുന്ന കനുസന്യാലും സംഘവും രഹസ്യമായി നേപ്പാള്‍ അതിര്‍ത്തി കടന്ന് ചൈനയിലെത്തി മാവോയെ കണ്ടതും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശം തേടിയതും. പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ ജന്മിമാര്‍ക്കെതിരേ നടന്ന സായുധ കലാപത്തെ ചൈന അംഗീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്ന പ്രഭാഷണം പീക്കിങ് റേഡിയോ പ്രക്ഷേപണം ചെയ്യാനും സന്നദ്ധരായി. മാവോയിസ്റ്റുകള്‍ക്ക് മാവോയെക്കാള്‍ ആഭിമുഖ്യം ചെഗുവേരയോടും ക്യൂബന്‍ വിപ്ലവത്തോടുമായിരുന്നു. സായുധ ഗ്രൂപ്പുകളിലൂടെ രാജ്യത്ത് വിപ്ലവം സാധ്യമാണ് എന്നത് അവരുടെ വിശ്വാസവുമാണ്.
1920ല്‍ താഷ്‌കന്റില്‍ രൂപീകരിച്ച കമ്മിറ്റിയുടെ സെക്രട്ടറി മുഹമ്മദ് ഷഫീക്കായിരുന്നു. എം.എന്‍ റോയി, ഇവ്‌ലിന്‍ റോയ്ട്രന്റ്, അബാനി മുഖര്‍ജി, റോസഫിറ്റിങ് ഗോവ്, പാര്‍ത്ഥ സാരഥി, തിരുമാള്‍ ആചാര്യ, മുഹമ്മദലി എന്നിവരായിരുന്നു അംഗങ്ങള്‍. ലോകോത്തര കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നു എം.എന്‍ റോയി. പിന്നീട് കമ്മ്യൂണിസത്തോട് വിടപറഞ്ഞ് റാഡിക്കല്‍ ഹ്യൂമനിസ്റ്റായി. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ഇവ്‌ലിന്‍ റോയി. അവര്‍ മികച്ച കോമ്രേഡായിരുന്നു. 1919ല്‍ മെക്‌സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ അവര്‍ പങ്കുവഹിച്ചു. പിന്നീട് മോസ്‌കോ ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ സ്‌കൂളില്‍ പഠിപ്പിച്ചു. അവിടുത്തെ വിദ്യാര്‍ഥിയായിരുന്നു ഹോചിമിന്‍. ഇവ്‌ലിനും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉപേക്ഷിച്ച് സാധാരണക്കാരിയായി അമേരിക്കയില്‍ ജീവിച്ചു. 1970ല്‍ മരിച്ചു. അബാനി മുഖര്‍ജിയുടെ ഭാര്യയായിരുന്ന റോസഫിറ്റിങ് ഗോവ് റഷ്യന്‍ ജൂതയായിരുന്നു. 1918ലാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. അക്കാലത്ത് മുസ്‌ലിം ചെറുപ്പക്കാരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതില്‍ എം.എന്‍ റോയി വിജയിച്ചു. തീവ്രമായ സാമ്രാജ്യത്വ വിരുദ്ധതയാണ് മുസ്‌ലിം ചെറുപ്പക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.
എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണമായി സി.പി.ഐ കണക്കാക്കുന്നത് 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനമായിരുന്നു. മൗലാന ഹസ്രത്ത് മൊഹാനിയായിരുന്നു സ്വാഗതസംഘം കണ്‍വീനര്‍. സിങ്കാര വേലു ചെട്ടിയാരായിരുന്നു അധ്യക്ഷന്‍.
റഷ്യന്‍ വിപ്ലവത്തിന്റെ കണക്കുവച്ച് നോക്കിയാല്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രമേ കമ്മ്യൂണിസ്റ്റ് പ്രയോഗ ശാസ്ത്രത്തിനുള്ളൂ. അപ്പോഴേയ്ക്കും ഈറ്റില്ലങ്ങളില്‍ തന്നെ കമ്മ്യൂണിസം തകര്‍ന്നടിഞ്ഞു. ഇന്ന് ശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ എന്നുപറയുന്നത് ചൈനയും ക്യൂബയും ലാവോസും നോര്‍ത്ത് കൊറിയയും വിയറ്റ്‌നാമുമാണ്. ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമേ അല്ലാതായി. കോര്‍പറേറ്റ് മൂലധനവുമായി അതു സന്ധി ചെയ്തുകഴിഞ്ഞു. വിയറ്റ്‌നാമും ഏതാണ്ട് ആ വഴിയില്‍ തന്നെയാണ്. നോര്‍ത്ത് കൊറിയയാവട്ടെ, ഒരു ഏകാധിപത്യ രാജ്യമാണ്. ക്യൂബയുടെ സ്ഥിതിയാവട്ടെ, അതിദയനീയം. ഫിദല്‍ കാസ്‌ട്രോ സ്വപ്നം കണ്ട ഉയരത്തിലേക്കൊന്നും ആ രാജ്യത്തിനു പോകാന്‍ പറ്റിയില്ല. എല്ലാ മേഖലയിലും മുരടിപ്പ് വ്യക്തമാണ്. വലിയൊരു പാര്‍ട്ടി ഗ്രാമം, അത്രയേയുള്ളൂ ക്യൂബ. ലോകത്തിന്റെ സ്വപ്നമായി മനുഷ്യ വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായി അവതരിച്ചെങ്കിലും മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നരകതുല്യമായി ജനജീവിതം.
വര്‍ഗം, ഗോത്രം, മതം എന്നിവയ്ക്കപ്പുറത്ത് ഉദാര മാനവികതയാണ് കമ്മ്യൂണിസം ലക്ഷ്യം വച്ചതെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. ഉപദേശീയതകളുടെ സ്വത്വത്തെ അംഗീകരിക്കാതെ ബലമായി സൃഷ്ടിക്കപ്പെട്ട സോവിയറ്റ് യൂനിയന്‍ തകര്‍ന്നുപോയി. ചൈനയില്‍ ഉയ്ഗുര്‍ മുസല്‍മാന്‍മാര്‍ വംശഹത്യയ്ക്കു വിധേയമാക്കപ്പെടുന്നത് അവര്‍ മുസല്‍മാന്‍മാര്‍ ആയതുകൊണ്ടാണ്. വര്‍ഗശത്രുവെന്ന കമ്മ്യൂണിസ്റ്റ് പരികല്‍പന അത്യന്തം അപകടം പിടിച്ചതാണ്. ദാര്‍ശനികമായി ചോദ്യം ചെയ്തവരെപ്പോലും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ കൊന്നുകളഞ്ഞു. ആരെയും വര്‍ഗശത്രുവായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യാം. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വതന്ത്ര ചിന്തയ്ക്ക് ഇടമില്ല. ഭരണകൂടം അസഹിഷ്ണുതയില്‍ ശക്തമാകുമ്പോള്‍ ഫാസിസത്തിലേക്ക് വഴിപിരിയും. ഇന്ത്യയില്‍ തുടര്‍ച്ചയായി പാര്‍ട്ടി ഫാസിസം തലപൊക്കി. ബംഗാളിലും ത്രിപുരയിലും തകര്‍ന്നതിന്റെ കാരണമതാണ്. തുടര്‍ച്ചയായി ഭരണത്തില്‍ വരാത്ത കേരളത്തില്‍പോലും സി.പി.എം നടത്തിയ കൊലപാതകത്തിന്റെ കാരണം പാര്‍ട്ടി ഫാസിസമാണ്.
യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൂടെയുള്ള ഒരു യാത്രയുടെ അനുഭവം ഒരു സഞ്ചാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിടത്ത് വെടിയുണ്ടകള്‍ തുളവീഴ്ത്തിയ ചരിത്രസ്മാരകത്തിനു മുന്നില്‍ ആ സഞ്ചാരി നില്‍ക്കുന്നു. കെട്ടിടത്തിന്റെ രണ്ടു ഭാഗങ്ങളിലുള്ള വെടിയുണ്ടയുടെ പാടുകളിലേക്ക് വിരല്‍ചൂണ്ടി ഗൈഡ് പറഞ്ഞു. 'വലതുഭാഗത്ത് കാണുന്നതൊക്കെ ഫാസിസ്റ്റുകള്‍ ഉതിര്‍ത്തതാണ്. മറ്റേത് കമ്മ്യൂണിസ്റ്റുകളും. ഞങ്ങള്‍ക്ക് രണ്ടും തമ്മില്‍ വ്യത്യാസമില്ല.'
കമ്മ്യൂണിസത്തിന്റെ ഉയര്‍ന്ന അവസ്ഥയില്‍ ഭരണകൂടം പൊളിഞ്ഞുവീഴും എന്നാണ് സങ്കല്‍പ്പം. പക്ഷേ, സംഭവിച്ചത് അതല്ല. ഭരണകൂടം ശക്തമായി. പൊളിഞ്ഞത് ജനതയാണ്. മിക്ക കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെയും കൈയില്‍ ചോരക്കറ പുരണ്ടു. അതൊക്കെ മറ്റൊരു ലേഖനത്തിന്റെ വിഷയമാണ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭൂതകാല മഹിമകളില്‍ അഭിരമിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ആത്മവിചാരണ നടത്തണമെന്നും എം.എ ബേബി പറഞ്ഞതോര്‍ക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്ന സ്ഥലങ്ങളില്‍ ഭരണ പാര്‍ട്ടികളെപ്പോലെ തിരിച്ചുവരിക പ്രയാസമാണെന്ന് യെച്ചൂരി പറഞ്ഞതുമോര്‍ക്കാം. ഇന്ത്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണത്തിലുണ്ടായിരുന്ന ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും അതു മാഞ്ഞുപോയി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യം ദയനീയം. തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ വേണ്ടിവന്നു. ഒരിക്കല്‍ ജ്യോതിബസു പ്രധാനമന്ത്രി സ്ഥാനത്തേക്കു വരെ ഉയര്‍ന്നുവന്നു. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണയ്ക്കാന്‍ തയാറായി. അതു വേണ്ടെന്നുവച്ചത് ചരിത്രപരമായ വിഡ്ഢിത്തം. ഇപ്പോള്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതി അതിപരിതാപകരം. ആ തകര്‍ച്ച ആഘോഷിക്കപ്പെടേണ്ടതുമല്ല.
ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളെയും സാമൂഹ്യബന്ധങ്ങളെയും വളരെ യാന്ത്രികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശകലനം ചെയ്തു. 1925ലെ കാണ്‍പൂര്‍ സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ സിങ്കാരവേലു ചെട്ടിയാര്‍ ജാതിപ്രശ്‌നത്തെ കേവലം കാര്‍ഷിക പ്രശ്‌നമായി ചുരുക്കിക്കണ്ടു. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നതോടെ ജാതി, ഗോത്ര പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും എന്നതായിരുന്നു ഈ യാന്ത്രിക വാദത്തിന്റെ അടിസ്ഥാനം. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നേരിടുന്ന വിവേചനം, ഭിന്നലിംഗക്കാര്‍ നേരിടുന്ന വിവേചനം ഇതിന്റെയൊക്കെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചില്ല. ആധുനികാനന്തര ചിന്താധാരകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അന്യമായിരുന്നു.
കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിനു പ്രസക്തിയൊന്നുമില്ലെങ്കിലും സോഷ്യലിസം പോലുള്ള ഇടതുപക്ഷ ആശയങ്ങള്‍ പ്രസക്തമാണ്. കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെയും ഐക്യപ്പെടുത്തി വിശാലമായ ജനാധിപത്യ ഇടങ്ങള്‍ രൂപപ്പെടണം. അതിനാവശ്യം ഉയര്‍ന്ന ജനാധിപത്യ ബോധമാണ്. പ്രയോഗമാണ്. സി.പി.ഐയെപ്പോലും അംഗീകരിക്കാത്ത സി.പി.എമ്മിന് എങ്ങനെ ഇടത് ഐക്യം ഉണ്ടാക്കാനാകും. സി.പി.എമ്മും സി.പി.ഐയും ഭരണവര്‍ഗ പാര്‍ട്ടികളായി ചുരുങ്ങുന്നു. സി.പി.ഐ ചിലപ്പോള്‍ ധീരപ്രഖ്യാപനങ്ങള്‍ നടത്തുമെങ്കിലും പിന്നെ നേതാക്കള്‍ പത്തിമടക്കി, സി.പി.എമ്മിനു മുന്നില്‍ ചുരുണ്ടുകൂടം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരുത്താന്‍ ധിഷണയും പഠനവുമുള്ള നേതാക്കള്‍ ഇന്നില്ല. ഇന്ത്യന്‍ ഇടതുപക്ഷം ഉദാസീനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."