പയ്യന്നൂരിലെ കൊല: നടപടിയുമായി സി.പി.എം പ്രതിക്കൂട്ടില്‍ പാര്‍ട്ടിയും സര്‍ക്കാരും
കണ്ണൂര്‍: പയ്യന്നൂരില്‍ കക്കംപാറ സ്വദേശി ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായതോടെ സി.പി.എം പ്രതിരോധത്തിലായി. വിഷയം ദേശീയവിഷയമായി ബി.ജെ.പി ഉയര്‍ത്തികൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് സി.പി.എം പ്രതികളായവര്‍ക്കെതിരേ നടപടിയെടുത്തു മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ നടപടിയെടുക്കാന്‍ ഗവര്‍ണറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ബിജു വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൊലനടത്തിയവരിലെ പാര്‍ട്ടിക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പയ്യന്നൂര്‍ ഏരിയാകമ്മിറ്റി അറിയിച്ചത്. ബിജു വധക്കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ക്ക് വ്യക്തമായ സി.പി.എം ബന്ധമുണ്ടെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനോട് അടുപ്പം പുലര്‍ത്തുന്നവരാണ് പിടിയിലായവര്‍.
ധനരാജ് വധത്തിലുള്ള പ്രതികാരമാവാം കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ ടി.പി വധക്കേസ് പോലെ രാഷ്ട്രീയവൈരാഗ്യത്താല്‍ കൊലയെന്ന വിലയിരുത്തലാണ് പൊലിസിനുള്ളത്. പയ്യന്നൂരിലെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അതിവേഗത്തില്‍ പിടികൂടണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാദങ്ങളില്‍ മുങ്ങി സര്‍ക്കാരിന് ശ്വാസംമുട്ടുമ്പോള്‍ വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം തന്റെ തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ നടന്നത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അലോസരപ്പെടുത്തുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ നടന്ന രാഷ്ട്രീയ കൊലപാതകം സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന അഭിപ്രായം ജില്ലയ്ക്ക് പുറത്തുള്ള നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പയ്യന്നൂരിലെ കൊലപാതകം കേവലമൊരു പ്രാദേശിക പ്രശ്‌നമാക്കി മാറ്റാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. ധനരാജിനോട് വൈകാരിക ബന്ധം പുലര്‍ത്തുന്നവര്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നാണ് അണികള്‍ക്കിടയിലെ വിശദീകരണം. ടി.പി വധക്കേസിലേതു പോലെ പുറമെ പ്രതികളെ തള്ളിപ്പറയുകും അകമേ പിന്‍തുണയ്ക്കുകയും ചെയ്യുകയാണ് തന്ത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."