ഇമാം ഹുസൈന്‍ നീതിക്കും സമാധാനത്തിനും വേണ്ടി രക്തസാക്ഷിയായി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രവാചകന്റെ കൊച്ചുമകന്‍ ഇമാം ഹുസൈന്‍ സമാധാനവും നീതിയും നടപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ ഇമാം ഹുസൈന്റെ സന്ദേശം മുറുകെ പിടിച്ച് അതുലോകത്തുടനീളം പ്രചരിപ്പിക്കണം. എപ്പോഴും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് ഇമാം ഹുസൈന്‍. ഇന്നും എന്നും ഇതു വലിയ പാഠമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശൂറാഅ് ദിനത്തോടനുബന്ധിച്ച് ശീഈ വിഭാഗത്തില്‍പ്പെട്ട ദാവൂദി ബോറാ സമുദായത്തിനു കീഴിലുള്ള ഇന്‍ഡോറിലെ സൈഫീ മസ്ജിദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചടങ്ങില്‍ സംസാരിച്ച ദാവൂദി ബോറ ആത്മീയ നേതാവ് ഡോ. സയ്യിദ് മുഫദ്ദല്‍ സൈഫുദ്ദീന്‍, പ്രധാനമന്ത്രിക്ക് എല്ലാ ഭാവുകളും നേര്‍ന്നു. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മധ്യപ്രദേശ് ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ദാവൂദി ബോറ ആത്മീയ നേതാവ് സയ്യിദ് സൈഫുദ്ദീനുമായി നരേന്ദ്രമോദി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി.
ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് പ്രത്യക്ഷത്തില്‍ തന്നെ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന വിഭാഗമാണ് ശീഈകളിലെ ദാവൂദി ബോറകള്‍. ഇവര്‍ക്കിടയില്‍ സജീവമായി നിലനില്‍ക്കുന്ന ആചാരമായ സ്ത്രീ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
ഈ കേസില്‍ വാദം നടക്കുന്നതിനിടെ, ആചാരം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത് ഈ വിഭാഗത്തിനിടയില്‍ സര്‍ക്കാരിനോടും ബി.ജെ.പിയോടും അസംതൃപ്തി പടര്‍ത്തിയിരിക്കെ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ഈ വര്‍ഷാവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായ ശേഷം ഇതുരണ്ടാംതവണയാണ് മുസ്‌ലിം സംഘടനകളുടെ പരിപാടിയില്‍ സംബന്ധിക്കുന്നത്. 2016 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സൂഫീ സമ്മേളനമാണ് ഇതിനു മുമ്പ് മോദി പങ്കെടുത്ത മുസ്‌ലിം സംഘടനാ പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."