ജലക്ഷാമത്തിനു പരിഹാരം ചെറുപുഴ ചെക്ക്ഡാം 21ന് നാടിന് സമര്‍പ്പിക്കും
ചെറുപുഴ: ചെറുപുഴ ചെക്ക് ഡാം ഈ മാസം 21നു നാടിനു സമര്‍പ്പിക്കും. വൈകുന്നേരം നാലിനു മന്ത്രി മാത്യു.ടി. തോമസ് ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം. എല്‍. എ അധ്യക്ഷനാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുപുഴ നഗരത്തിനടുത്തുള്ള ഈ ചെക്ക് ഡാം കാര്‍ഷിക വികസനം ലക്ഷ്യമാക്കി നിര്‍മിച്ചതാണ്. രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്താനുള്ള തടയണയും ഉയരത്തില്‍ നൂറുമീറ്റര്‍ നീളത്തിലുള്ള പാലവും കൂടിയുള്ളതാണിത്.
മുന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് നബാര്‍ഡിന്റെ സഹായത്തോടെ ചെറുകിട ജലസേചന വകുപ്പ് പത്തുകോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ തടയണയില്‍ രണ്ടുകിലോമീറ്റര്‍ ദൂരം ജലംതടഞ്ഞു നിര്‍ത്താന്‍ കഴിയും. ഇതോടെ ചെറുപുഴ മുതല്‍ പുളിങ്ങോം വരെയുള്ള ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമമൊഴിവാക്കും.
ഇതിലുപരി ചെറുപുഴ ടൗണിലെത്താന്‍ ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വളരെ എളുപ്പമാകും. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍ക്കണ്‍ എന്‍ജിനിയറിങ് കമ്പനിയാണ് രണ്ടു വര്‍ഷം മുന്‍പ് ഇതിന്റെ പ്രവൃത്തി നടത്തിയത്.
അനധികൃത ഭക്ഷണ വില്‍പനക്കെതിരേ നടപടി വേണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കാഞ്ഞങ്ങാട്: നഗരത്തില്‍ അനധികൃതമായി വാഹനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനെതിരേ ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.എസ്.ടി.പി അധികൃതര്‍ മുറിച്ചു മാറ്റിയ തണല്‍മരങ്ങള്‍ക്കു പകരമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുക, നിര്‍ത്തലാക്കിയ കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സമയം പുനഃക്രമീകരിച്ച് സര്‍വിസ് നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
തീരദേശ വാസികളുടെ പ്രതീക്ഷയായ കോട്ടച്ചേരി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നു തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാത നവീകരണ ജോലി ഇഴഞ്ഞു നീങ്ങുന്നതിനെ തുടര്‍ന്നു നഗരത്തില്‍ കച്ചവട മാന്ദ്യം അനുഭവപ്പെടുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സി. യൂസഫ് ഹാജി അധ്യക്ഷനായി.
ഭാരവാഹികള്‍: സി. യൂസഫ് ഹാജി(പ്രസിഡന്റ്), പ്രണവം അശോകന്‍, ബി.ആര്‍ ഷെണായി, കെ.വി ലക്ഷ്മണന്‍ ( വൈസ് പ്രസിഡന്റ് ), സി.എ പീറ്റര്‍ (ജനറല്‍ സെക്രട്ടറി), പി.വി.അനില്‍, എം. വിനോദ്, ഗിരീഷ് നായക്ക് (സെക്രട്ടറിമാര്‍), എ.സുബൈര്‍ (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."