യു.എസ് തീരങ്ങളെ വിഴുങ്ങി ഫ്ളോറന്‍സ് ചുഴലിക്കാറ്റ്
വാഷിങ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളെ പിടിച്ചുലച്ച് ഫ്ളോറന്‍സ് ചുഴലിക്കാറ്റ്. നോര്‍ത്ത് കരോലിനയിലാണ് വ്യാപക നാശം വിതച്ച് കാറ്റ് ആഞ്ഞുവീശുന്നത്. മണിക്കൂറില്‍ 150 കി.മീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. അഞ്ചു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കനത്ത മഴയും കടല്‍ക്ഷോഭവും മൂലം മേഖലയില്‍ നേരത്തെ തന്നെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് ശക്തമായതോടെ 10 ലക്ഷത്തിലേറെ പേരോട് വീടുകളില്‍നിന്നു മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നോര്‍ത്ത് കരോലിനയില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍നിന്നു നിരവധി പേരെ മോചിപ്പിച്ചു.
നോര്‍ത്ത് കരോലിനയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ എട്ടു മാസത്തെ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മാത്രം നോര്‍ത്ത് കരോലിനയിലെ തീരനഗരമായ അറ്റ്ലാന്റ ബീച്ചില്‍ 76 സെന്റി മീറ്റര്‍ മഴയാണു ലഭിച്ചത്. ചുഴലിക്കാറ്റില്‍ 18 ട്രില്യണ്‍ ഗാലണ്‍ മഴവെള്ളം വര്‍ഷിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതിനിടെ, പതിനായിരക്കണക്കിനു മൈലുകള്‍ അകലെ ശക്തമായ കൊടുങ്കാറ്റ് ഫിലിപ്പൈന്‍ തീരങ്ങളിലേക്കു തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."