ധോണിയുടെ ഗ്ലൗസില്‍ നിന്ന് സൈനിക ചിഹ്നം നീക്കം ചെയ്യണമെന്ന് ബി.സി.സി.ഐ
ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ ഗ്ലൗസില്‍ നിന്ന് സൈനികരുടെ മുദ്ര മാറ്റണെന്ന് ബി.സി.സി.ഐയോട് ഐ.സി.സി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ആദ്യ മത്സരത്തിലാണ് ധോണിയുടെ ഗ്ലൗസിലെ ചിഹ്നം പുറം ലോകം കണ്ടത്. ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കഠാര രൂപത്തിലുള്ള ചിഹ്നമാണ് ധോണി സ്വന്തം ഗ്ലൗസില്‍ ആലേഖനം ചെയ്തിട്ടുള്ളത്.
ഐ.സി.സി ജനറല്‍ മാനേജര്‍ ക്ലയര്‍ ഫര്‍ലോങാണ് ബി.സി.സി.യോട് ഇക്കാര്യം അറിയിച്ചത്. ഐ.സി.സിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇതേ തുടര്‍ന്നാണ് ധോണിക്കെതിരേ ഐ.സി.സി നടപടി സ്വീകരിച്ചത്.
40-ാം ഓവറില്‍ ഫെലുക്വായോയെ സ്റ്റംപ് ചെയ്യുന്നതിനിടയിലാണ് ടി.വി ക്യാമറകള്‍ ഇത് പകര്‍ത്തിയത്. പാരച്ചുട്ട് വിഭാഗത്തിലെ ബലിദാനികളോടുള്ള ആദരസൂചകമായി ഉപയോഗിക്കുന്ന മുദ്രയാണ് ധോണി ഗ്ലൗസില്‍ പതിച്ചിട്ടുള്ളത്. 2011ല്‍ പാരച്ചൂട്ട് റജിമെന്റില്‍ ധോണിക്ക് ലെഫ്റ്റനന്റ് പദവി നല്‍കി ആദരിച്ചിരുന്നു. 2015ല്‍ പാരാ ബ്രിഗേഡില്‍ ധോണി പരിശീലനത്തിന് പോവുകയും ചെയ്തിരുന്നു. സൈനിക ചിഹ്നം ഗ്ലൗസില്‍ ആലേഖനം ചെയ്തതിനെ പലരും അനുകൂലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."