കാബിനറ്റിലും പിടിമുറുക്കി അമിത്ഷാ
ന്യൂഡല്‍ഹി: പാര്‍ട്ടിയിലെന്നപോലെ കാബിനറ്റിലും അമിത്ഷാ പിടിമുറുക്കി. പ്രഖ്യാപിച്ച എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗമായി തന്റെ ആധിപത്യം ആഭ്യന്തരമന്ത്രി അമിത്ഷാ അരക്കിട്ടുറപ്പിച്ചു. മോദി പോലും ആറ് കമ്മിറ്റികളിലേയുള്ളൂ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ക്രമത്തില്‍ മോദിക്ക് പിന്നില്‍ രണ്ടാമത് സത്യവാചകം ചൊല്ലിയത് കഴിഞ്ഞമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങായിരുന്നു.
മോദിക്കു പിന്നില്‍ രണ്ടാമനാര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അത് രാജ്‌നാഥ് സിങ്ങിലേക്കാണ് എത്തിയിരുന്നത്. എന്നാല്‍ കാബിനറ്റ് കമ്മിറ്റികളുടെ പ്രഖ്യാപനം വന്നതോടെ മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമായി. തന്റെ വിശ്വസ്തനായ അമിത്ഷാക്ക് ആഭ്യന്തരം നല്‍കിയതുപോലെ സര്‍ക്കാരില്‍ രണ്ടാം സ്ഥാനവും നല്‍കി ഒരിക്കല്‍ക്കൂടി ശക്തനാക്കി. നിയമനകാര്യങ്ങള്‍ക്കുള്ള കമ്മിറ്റിയില്‍ മോദിക്ക് പുറമേ അമിത്ഷായും മാത്രമാണ് അംഗങ്ങളെന്നതും ശ്രദ്ധേയമാണ്.
രാജ്‌നാഥ് സിങ് രണ്ട് കാബിനറ്റ് കമ്മിറ്റികളിലാണുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴ് കമ്മിറ്റികളിലും വാണിജ്യ-റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അഞ്ച് കമ്മിറ്റികളിലുമുണ്ട്. നയപരിപാടികള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജ്‌നാഥിനെ മാറ്റിയെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."