നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത കര്‍ണാടകയുടെ നിലപാട് ദുരൂഹമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് എം.എല്‍.എ ആരോപിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ സര്‍വേയ്ക്ക് അനുമതി നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ദുരൂഹമാണെന്നു പി.വി അന്‍വര്‍ എം.എല്‍.എ. വനപ്രദേശങ്ങളില്‍ ഉപാധികളോടെ റെയില്‍വേ വികസനം നടത്തുന്നതിനു തടസമില്ലെന്നിരിക്കെ വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ സര്‍വേ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കര്‍ണാടകയുടെ പുതിയ നിലപാട്. ഇത് അവരുടെ മുന്‍ നിലപാടിനു വിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പെട്ടെന്നുണ്ടായ നിലപാടു മാറ്റത്തിന്റെ കാരണം രാഷ്ട്രീയ ഇടപെടലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഈ പാത നിലവില്‍വന്നാല്‍ അതിന്റെ രാഷ്ട്രീയഗുണം കേരളത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുമെന്നുള്ളതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ പാതയോടു മുഖംതിരിക്കുകയാണ്. ഇതിന്റെ പേരില്‍ സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്ന മുതലെടുപ്പ് ജനം തിരിച്ചറിയുമെന്നും പ്രതിഷേധത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരനായ കര്‍ണാടക മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുകയാണ് പ്രതിപക്ഷ നേതാവ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
160 കിലോമീറ്റര്‍ വരുന്ന പാത ഫലത്തില്‍ ദൂരംകുറഞ്ഞ ബംഗളൂരു-കൊച്ചി പാതയാണ്. കേരളത്തിന്റെ വ്യവസായ വികസനത്തിനും ചരക്കുനീക്കത്തിനും ഈ റെയില്‍പാത അനിവാര്യമാണ്. പാതയുടെ വിശദമായ സര്‍വേക്കായി ഡി.എം.ആര്‍.സിക്കു കേരളാ സര്‍ക്കാര്‍ അനുവദിച്ച ആദ്യ ഗഡുയായ രണ്ടു കോടി രൂപ കര്‍ണാടകയുടെ നിഷേധ നിലപാട് കാരണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വനപ്രദേശങ്ങളൊഴിവാക്കി പുതിയ അലൈന്‍മെന്റ് തയാറാക്കുക ഇനി പ്രായോഗികമല്ല. പാതയ്ക്കു പരിസ്ഥിതി പ്രശ്‌നങ്ങളില്ലെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയതുമാണ്. പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയയിലായിരുന്ന സംസ്ഥാനത്തെ ജനങ്ങളെ നിരാശരാക്കുന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."