കോള്‍പാടങ്ങളിലും വെള്ളം വറ്റുന്നു; കൃഷി നാശത്തിലേക്ക്
പൊന്നാനി: പ്രളയത്തിനു ശേഷമുണ്ടായ കനത്ത ചൂടില്‍ പൊന്നാനി കോള്‍മേഖലയിലും ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. ഇത് വരുംനാളില്‍ കൃഷിയെ വലിയ തോതില്‍ ദോഷകരമായി ബാധിക്കും. പ്രളയം കഴിഞ്ഞ് പുഴയിലെ ജലനിരപ്പ് സാധാരണപോലെ ആയപ്പോഴും കോള്‍നിലങ്ങളിലെ വെള്ളം ഇറങ്ങിയിരുന്നില്ല. പൊന്നാനി കോള്‍മേഖലയിലെ പല കോള്‍പടവുകളിലും ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നിട്ടുണ്ട്.
തുലാവര്‍ഷം നന്നായി പെയ്താല്‍ ഈ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം പങ്കുവയ്ക്കുന്നത്. എന്നാല്‍ തുലാവര്‍ഷം കൊണ്ട് വെള്ളമില്ലായ്മയില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷ വേണ്ടെന്ന് സി.ഡബ്ലിയു.ആര്‍.ഡി.എം ഡയരക്ടറും ഭൗമശാസ്ത്രജ്ഞയുമായ ഡോ. അനിത പറയുന്നു.
തുലാവര്‍ഷം മാസങ്ങളോളംനിന്ന് പെയ്താല്‍ മാത്രമേ വന്ന നഷ്ടത്തിന്റെ ഇരുപത് ശതമാനമെങ്കിലും തിരിച്ചുപിടിക്കാന്‍ പറ്റൂ എന്നും അവര്‍ വ്യക്തമാക്കി.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിലും പലയിടങ്ങളിലേയും മേല്‍മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. മേല്‍മണ്ണുണ്ടെങ്കിലേ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴുകയുള്ളൂ. പുഴകളിലേയും കോള്‍പാടങ്ങളിലേയും മേല്‍മണ്ണ് ഇല്ലാത്ത അവസ്ഥയില്‍ തുലാവര്‍ഷത്തിലെ വെള്ളം ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.
എന്നാല്‍ നല്ലരീതിയില്‍ മഴ ലഭിച്ചാല്‍ അവയെ സംഭരിക്കാനുള്ള താല്‍ക്കാലിക സംഭരണ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് നിലവില്‍ ഈ പ്രതിസന്ധിയില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷപെടാനുള്ള വഴിയെന്നും അവര്‍ പറയുന്നു. മുളയോ വൈക്കോലോ മണ്ണോ ഉപയോഗിച്ച് ചെറിയ സംഭരണ സംവിധാനങ്ങള്‍ ഉണ്ടാക്കി പെയ്ത്തുവെള്ളത്തെ സംഭരിക്കുക മാത്രമാണ് വെള്ളം മുഴുവന്‍ വറ്റിപ്പോയ നാട്ടില്‍ ആകെ ചെയ്യാനുള്ള വഴിയെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."