കോര്‍പറേഷനും സംഘടനകളും കൈയൊഴിഞ്ഞു; അനാഥം
കണ്ണൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് മുന്‍ നഗരഭരണാധികാരികള്‍ നിര്‍മിച്ച ഓപ്പണ്‍ സ്റ്റേജ് ആര്‍ക്കും വേണ്ടാതെ പൊടിപിടിക്കുന്നു. കണ്ണൂരില്‍ ഒരു കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്റ്റേഡിയം കോര്‍ണറിലായിരുന്നു.
പരിപാടികള്‍ നടത്തുന്നതിന് രാഷ്ട്രിയ പാര്‍ട്ടികളും മറ്റ് സംഘടനകളുമെല്ലാം കൂറ്റന്‍ സ്റ്റേജ് കെട്ടി സൗജന്യമായാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നത്. കണ്ണൂര്‍ കോര്‍പറേഷനായി മാറുന്നതിനു തൊട്ടുമുമ്പ് നഗരസഭയായിരുന്ന കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം ഈ സ്ഥലത്ത് ഓപ്പണ്‍ സ്റ്റേജ് നിര്‍മിക്കണമെന്ന് നിരന്തര ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഒരു സ്ഥിരം വേദി നിര്‍മിക്കാന്‍ മുനിസിപ്പല്‍ ഭരണസമിതി തീരുമാനിച്ചത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് കോര്‍പറേഷന്‍ ഓഫിസിന് മുന്‍വശത്ത് കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന ഐ.കെ കുമാരന്‍ മാസ്റ്ററുടെ പേരില്‍ നിര്‍മിച്ച ഈ ഓപ്പണ്‍ സ്റ്റേജ് സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെയെല്ലാം ചിത്രം വരച്ച് മനോഹരമാക്കിയിരുന്നു.
എന്നാല്‍ ഏറെക്കാലമായി ആരും ഉപയോഗിക്കാത്തതു കാരണം ഓപ്പണ്‍ സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം പരിസരത്ത് ആളുകള്‍ വരാത്തത് കാരണം പഴയ ബസ്റ്റാന്റ് പരിസരത്താണ് ഭൂരിഭാഗം പൊതുപരിപാടികളും മാറ്റുന്നത്. സ്റ്റേജ് ഉപയോഗിക്കുന്നതിന് മുനിസിപ്പല്‍ അധികാരികള്‍ ഒരു നിശ്ചിത ഫീസ് ഈടാക്കിയിരുന്നു. ഇതോടെയാണ് പരിപാടി സംഘടിപ്പിക്കുന്നവര്‍ സ്റ്റേജ് ഒഴിവാക്കി പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്.
അപൂര്‍വ്വം ചിലപ്പോള്‍ മാത്രമാണ് ഈ സ്റ്റേജ് പരിപാടികള്‍ക്കായി ഉപയോഗിക്കാറുള്ളു. സ്റ്റേജിന് ചുവടെ രണ്ട് മേശയും നാല് കസേരയും ഒരുമൈക്കും കെട്ടി പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്റ്റേജിന് ചുവടെ പരിപാടി നടത്തിയാല്‍ പണം കൊടുക്കേണ്ടതില്ലെന്നതായിരുന്നു കാരണം. രാഷ്ട്രീയക്കാരും സംഘടനകളുമെല്ലാം സ്റ്റേജിനെ തഴഞ്ഞതോടെയാണ് ഐ.കെ കുമാരന്‍ മാസ്റ്റര്‍ സ്റ്റേജ് അനാഥാവസ്ഥയിലായത്. സ്റ്റേജിന്റെ തറയാകെ പൂപ്പല്‍ പിടിച്ച അവസ്ഥയാണ്. അഥവാ ഏതെങ്കിലും പരിപാടി ഈ സ്റ്റേജില്‍ നടത്തിയാലും ഇവിടെയുള്ള ചുവര്‍ചിത്രങ്ങള്‍ തുണികൊണ്ട് മറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പലയിടത്തും സിമന്റ് അടര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്ന ഓപ്പണ്‍ സ്റ്റേജിനെ കോര്‍പറേഷന്‍ അധികാരികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഉപയോഗശൂന്യമാകുമെന്നുറപ്പാണ്.
നിലവില്‍ ഈ പ്രദേശത്തെ ടെമ്പോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കോണ്‍ട്രാക്ട് ക്യാരേജ് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ഇരിക്കാനുള്ള ഇരിപ്പിടമായി മാറിയിരിക്കുകയാണ് ഈ ഓപ്പണ്‍ സ്റ്റേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."