വനിതാ കമ്മിഷന് മുന്നില്‍ പരാതി പ്രളയം; മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെയും പരാതി
തൊടുപുഴ: തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ വനിതാ കമ്മിഷന് വീട്ടമ്മയുടെ പരാതി. പരാതിക്കാരിയായ വീട്ടമ്മയുടെ മകന്റെ ഭാര്യയെക്കൊണ്ട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം കുടുംബാംഗങ്ങള്‍ക്കെതിരെ നേരത്തെ കേസ് നല്‍കിയിരുന്നു.
നിലവിലെ പരാതിക്കാരിയായ സ്ത്രീക്കും മകനുമെതിരേയാണ് കേസ് നിലവിലുള്ളത്. ഇത്തരത്തില്‍ മൂന്ന് കേസുകള്‍ കോടതിയില്‍ നടന്നു വരികയാണ്.
തന്റെ മരുമകളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് കേസ് നല്‍കുകയായിരുന്നുവെന്നാണ് വീട്ടമ്മ വനിതാ കമ്മിഷനോട് പറഞ്ഞത്. ഇതിന് പിന്നില്‍ കൗണ്‍സിലര്‍ക്കുള്ള പങ്കെന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മരുമകളുടെ പരാതി സംബന്ധിച്ച് കൗണ്‍സിലറോട് ചോദിച്ചപ്പോള്‍ വീട്ടമ്മക്കെതിരെ മാനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് കൗണ്‍സിലര്‍ ഇവരെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
നിലവില്‍ ഈ കുടുംബത്തിന് കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടമ്മയുടെ പരാതിയില്‍ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനായി കൗണ്‍സിലര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മിഷന്‍ വ്യക്തമാക്കി.സ്വന്തമായി പാര്‍പ്പിടം ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കമ്മിഷന് മുമ്പാകെ പരാതി നല്‍കി.
കമ്പംമെട്ട് സ്വദേശിനിയായ യുവതി ഭര്‍ത്താവിന്റെ പ്രേരണയെ തുടര്‍ന്ന് തന്റെ കുടുംബത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഇതോടെ യുവതിയും വീട്ടുകാരും തമ്മില്‍ അകന്നു. മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ ഭര്‍ത്താവ് ഇതിനിടയില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
യുവതിയുടെ വീട്ടുകാര്‍ 40 സെന്റ് സ്ഥലം സ്ത്രീധനമായി നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ ചികല്‍സക്കും മറ്റുമായി വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു. ഇതോടെ സ്വന്തമായി ഭൂമിയോ സ്ഥലമോ ഇല്ലാത്ത സ്ഥിതിയായി. ഇതോടെയാണ് ഭര്‍ത്താവിന്റെ പ്രേരണയെ തുടര്‍ന്ന് യുവതി തനിക്ക് കുടുംബ സ്വത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ യുവതിയും രണ്ട് കുട്ടികളും പെരുവഴിയിലാകുകയായിരുന്നു. ഇപ്പോള്‍ യുവതി വൃദ്ധനായ പിതാവിനൊപ്പമാണ് താമസിക്കുന്നത്. സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി നേരിട്ട് ബോധ്യപ്പെട്ട വനിതാ കമ്മീഷന്‍ ഇതുസംബന്ധിച്ച് നേരിട്ട് കലക്ടറുമായി ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പും നല്‍കി.
വനിതാ കമ്മിഷന്റെ പരിധിയില്‍പ്പെടാത്ത നിരവധി കേസുകളാണ് ഇത്തവണ കമ്മിഷന് പരിഗണിക്കേണ്ടി വന്നത്. മറ്റൊരു കേസില്‍ തൊടുപുഴയിലെ പ്രമുഖ പബ്ലിക്ക് സ്‌കൂളിലെ മാനേജര്‍ക്കെതിരെ അധ്യാപികയും സ്റ്റാഫും പരാതിയുമായി രംഗത്തെത്തി. സ്‌കൂള്‍ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
സംഭവത്തില്‍ എതിര്‍കക്ഷിയെ വിളിച്ച് നിജസ്ഥിതി വ്യക്തമാക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഗാര്‍ഹീക പീഡന കേസുകള്‍ക്ക് പുറമേ ഭര്‍ത്താവ് ഉപേക്ഷിച്ച പോയ കേസുകളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ളതും വസതു സംബന്ധമായ കേസുകളും കമ്മിഷന് മുമ്പാകെ വന്നു.
ആകെ 72 കേസുകളാണ് ഇത്തവണ കമ്മിഷന്‍ പരിഗണിച്ചത്. ഇവയില്‍ 42 കേസുകളും രമ്യമായി പരിഹരിച്ചതായി വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. പൊലിസ് അന്വേഷണം ആവശ്യമായ ആറു കേസുകളും ആര്‍ ഡി ഒയുടെ റിപ്പോര്‍ട്ട് ആവശ്യമുള്ള രണ്ട് കേസുകളും ഉണ്ട്. 17 കേസുകളാണ് അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."