പോളി അഡ്മിഷന്‍ 307ാം റാങ്ക് നേടിയ പിന്നോക്കക്കാരന്‍ പുറത്ത്; 7989ാം റാങ്ക് നേടിയ മുന്നോക്കക്കാരന് അഡ്മിഷന്‍
മലപ്പുറം: മെഡിക്കല്‍, എന്‍ജിനീയറിങ്, പ്ലസ് വണ്‍ പ്രവേശന നടപടികളിലെ സംവരണ അട്ടിമറിക്കു പിന്നാലെ സംസ്ഥാനത്തെ പോളിടെക്‌നിക് പ്രവേശനത്തിലും വന്‍ സംവരണ അട്ടിമറി. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ റാങ്ക് ലിസ്റ്റിനൊപ്പം ഇന്നലെ പ്രസിദ്ധീകരിച്ച ഒന്നാം അലോട്ട്‌മെന്റിലാണ് സംസ്ഥാനത്തെ പട്ടികജാതിക്കാരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും മറികടന്ന് റാങ്ക് ലിസ്റ്റില്‍ ഏറെ പിറകിലുള്ള മുന്നോക്ക വിഭാഗങ്ങള്‍ ഇടംപിടിച്ചത്. പെരിന്തല്‍മണ്ണ പോളി ടെക്‌നിക്കില്‍ പട്ടികജാതിയിലെ 425 ാം റാങ്കുകാരന്‍ വരെയാണ് പ്രവേശനം ലഭിച്ചത്.
എന്നാല്‍ ഇതേസ്ഥാപനത്തില്‍ 7989 റാങ്ക് നേടിയ മുന്നോക്ക ജാതിക്കാരനും പ്രവേശനം ലഭിച്ചു. 307 ാം റാങ്ക് നേടിയ മുസ്‌ലിമും 398ാം റാങ്ക് നേടിയ ഈഴവനും സീറ്റില്ലാതെ പുറത്തുനില്‍ക്കുമ്പോഴാണ് 7,500 റാങ്കുകള്‍ക്ക് അപ്പുറത്തുള്ള സവര്‍ണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പോളി ടെക്‌നികില്‍ അലോട്ട്‌മെന്റ് ലഭിച്ചത്. സംസ്ഥാനത്തെ പ്രമുഖ പോളിടെക്‌നിക്കുകളായ തിരുവനന്തപുരം സെന്‍ട്രല്‍ പോളി ടെക്‌നിക് കോളജ്, ഗവണ്‍മെന്റ് പോളി ടെക്‌നിക് കളമശ്ശേരി, കേരള ഗവ. പോളി ടെക്‌നിക് കോഴിക്കോട്, മഹാരാജാസ് ടെക്‌നിക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശൂര്‍ തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക പോളി ടെക്‌നിക്കുകളിലും സംവരണ കാര്യത്തില്‍ ഇതാണ് അവസ്ഥ. കോഴിക്കോട് ഗവണ്‍മെന്റ് പോളിയില്‍ സിവില്‍ എന്‍ജിനീയറിങില്‍ ജനറല്‍ (2367), മുസ്‌ലിം(2496), ഈഴവ(2589) റാങ്കുകാര്‍ക്ക് മാത്രം പ്രവേശനം ലഭിച്ചപ്പോള്‍ സാമ്പത്തിക സംവരണം വഴി 3611 റാങ്കുകാരനായ മുന്നാക്കക്കാരന് അലോട്ടമെന്റ് ലഭിച്ചു.
കളമശ്ശേരി ഗവ.പോളി ടെക്‌നിക്കില്‍ കെമിക്കല്‍ എന്‍ജിനീയറിങില്‍ ഈഴവ 2333 ഉം, മുസ്‌ലിം 2299 ഉം റാങ്കുകാര്‍ക്കുവരെയാണ് അലോട്ടമെന്റ് ലഭിച്ചത്. എന്നാല്‍ മുന്നോക്ക വിഭാഗത്തിലെ 3811 റാങ്കുകാരനുവരെ അലോട്ടമെന്റ് ലഭിച്ചു. തൃശൂര്‍ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ എന്‍ജിനീയറിങ് ഊഴവ (5443), മുസ്‌ലിം (5653), ജനറല്‍ (4344) റാങ്കുകാര്‍ക്ക് മാത്രം അലോട്ടമെന്റ് ലഭിച്ചപ്പോള്‍ 16,849 റാങ്ക് നേടിയ മുന്നോക്കാരനു വരെ പ്രവേശനം കിട്ടി.
സിവില്‍ എന്‍ജിനീയറിങ് കൂടാതെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഒട്ടോ മൊബൈല്‍ എന്‍ജിനീയിങ്, കെമിക്കല്‍ എന്‍ജിനീയറിങ് തുടങ്ങി വിവിധ ഡിപ്ലോമകളിലും മുന്‍നിര റാങ്കുകാരായ പിന്നോക്ക വിഭാഗങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഏറെ പിറകിലുള്ള മുന്നോക്ക വിഭാഗക്കാക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. പല ജില്ലകളിലും ചില കോഴ്‌സുകള്‍ക്ക് ആദ്യ അലോട്ടമെന്റില്‍ തന്നെ അപേക്ഷിച്ച എല്ലാ മുന്നോക്ക ജാതിക്കാര്‍ക്കും സാമ്പത്തിക സംവരണത്തിന്റെ പിന്‍ബലത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."