പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട
ചങ്ങനാശേരി: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്റെ മേല്‍ വിലാസം സ്ഥിരീകരിക്കുന്നതിന് റസിഡന്‍ഷ്യല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണല്‍ ഉത്തരവിറക്കി
റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണിത്. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനു സമാനമായി ഏതെങ്കിലും ഒരു രേഖ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതിയാകും.ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ രേഖ, ഗ്യാസ് വൗച്ചര്‍, വാട്ടര്‍ അതോറിറ്റി ബില്‍, ലാന്‍ഡ് ഫോണ്‍ ബില്‍, ദേശസാത്കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ് ബുക്ക്, സാധുവായ വാടക കരാര്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമതിയാകും.സംസ്ഥാനത്ത് ഒരിടത്തും റേഷന്‍ കാര്‍ഡില്ലാത്തവര്‍ ജനപ്രതിനിധികളുടെ ശുപാര്‍ശ കത്തിനുപകരം, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 സംസ്ഥാനത്തു നടപ്പിലാക്കിയതിന്റെ ഭാഗമായി അപേക്ഷകന്റേയും കുടുംബാംഗങ്ങളുടേയും ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിക്കുന്നതിനാല്‍, മറ്റേതെങ്കിലും റേഷന്‍ കാര്‍ഡില്‍ അംഗങ്ങളോ, അപേക്ഷകരോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഡിഡ്യൂപ്ലിക്കേഷന്‍ പ്രക്രിയയിലൂടെ കണ്ടുപിടിക്കാന്‍ കഴിയും.
മുന്‍ഗണനാ കാര്‍ഡ് ആവശ്യമുള്ളവര്‍ മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. മറ്റുള്ളവര്‍ വരുമാനം സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നും പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."