പീഡനം വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മയെന്ന് ബി.ജെ.പി എം.എല്‍.എ
ചണ്ഡീഗഡ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥാമാക്കിയതിന് അവാര്‍ഡ് നേടിയ 19 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഹരിയാനയിലെ ബി.ജെ.പി എം.എല്‍.എ.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബി.ജെ.പി എം.എല്‍.എ പ്രേം ലത വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയാണ് യുവാക്കളെ പീഡനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പീഡനവുമായി ബന്ധപ്പെട്ട് ആരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഹരിയാനയിലെ മഹേന്ദര്‍ഗഡ് ജില്ലയിലെ റിവാരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മയക്കുമരുന്ന് നല്‍കിയാണ് സംഘം പീഡിപ്പിച്ചത്. പിന്നീട് കനാനിയയിലെ ബസ്റ്റോപ്പില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് കുട്ടിയെ റിവാരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. കേസിലെ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനികനാണെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലിസ് അറിയിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ ചിത്രം പൊലിസ് പുറത്തു വിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ റിവാര്‍ഡും പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
കോച്ചിങ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."