ബ്രസീലിനും ഇറ്റലിക്കും ജയം
പാരിസ്: ജമൈക്കക്കെതിരേ ഏകപക്ഷീയമായ വിജയത്തോടെ ബ്രസീല്‍ വനിതാ ലോകകപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. മുന്നേറ്റനിര താരം ക്രിസ്റ്റ്യന്‍ റൊസേറയുടെ ഹാട്രിക് മികവിലാണ് ബ്രസീലിന്റെ വിജയം.
15, 50, 64 മിനുട്ടുകളിലാണ് താരം ജമൈക്കന്‍ വലകുലുക്കിയത്. മത്സരത്തില്‍ മുഴുവന്‍ ആധിപത്യം പുലര്‍ത്തിയാണ് ബ്രസീല്‍ വിജയം നേടിയെടുത്തത്. ഫ്രഞ്ച് ലോകകപ്പിലെ ആദ്യ ഹാട്രികാണ് ക്രിസ്റ്റ്യന്‍ റൊസേറയുടേത്.
വനിതാ ലോകകപ്പിന്റെ രണ്ടാം ദിനത്തിലും യൂറോപ്യന്‍ ടീമുകളാണ് ആധിപത്യം തുടരുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇറ്റലിയാണ് യൂറോപ്യന്‍ ആധിപത്യത്തിന് തുടര്‍ച്ച നല്‍കിയത്. മധ്യനിര താരം ബാര്‍ബറ ബൊനാന്‍സീയുടെ ഇരട്ട ഗോളുകളാണ് അസൂറികളുടെ വിജയമുറപ്പിച്ചത്. 22-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സാംകെര്‍ നേടിയ ഗോളില്‍ മുന്നില്‍ കയറിയ ആസ്‌ത്രേലിയ പ്രതിരോധം ശക്തമാക്കിയെങ്കിലും കളിയുടെ 56, 95 മിനുട്ടുകളില്‍ ലഭിച്ച അവസരങ്ങള്‍ ബൊനാന്‍സീ മുതലാക്കിയത് അസൂറികള്‍ക്ക് ആഘോഷത്തിന് വഴിയൊരുക്കി.
രണ്ടാം ദിനത്തില്‍ സ്‌പെയിന്‍ ദക്ഷിണാഫ്രിക്കയേയും, നോര്‍വേ നൈജീരിയയേയും ജര്‍മനി ചൈനയേയുമാണ് പരാജയപ്പെടുത്തിയത്. മെയ്കരുത്തും കളിക്കരുത്തും നിറഞ്ഞ ഗ്രൂപ്പ് ബിയിലെ ദക്ഷിണാഫ്രിക്ക-സ്‌പെയിന്‍ മത്സരത്തില്‍ ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന സ്‌പെയിന്‍ ഇടവേളക്ക് ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് വരവറിയിച്ചത്. ലോകവേദിയില്‍ ആദ്യമത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി 25-ാം മിനുട്ടില്‍ തെമ്പി ഗത്‌ലാന സ്‌പെയിനെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ച് അട്ടിമറി സാധ്യത തോന്നിച്ചെങ്കിലും 72 ശതമാനവും പന്ത് കൈവശംവച്ച സ്‌പെയിന്‍ ജെന്നിഫര്‍ ഹെര്‍മോസോ (69, 82), ലൂസിയ ഗാര്‍ഷ്യ (89) എന്നിവരുടെ ഗോളുകളിലൂടെയാണ് മത്സരം കൈപിടിയിലാക്കിയത്. ഗ്രൂപ്പ് എയിലെ നോര്‍വേ-നൈജീരിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു മുന്‍ ചാംപ്യന്മാരായ നോര്‍വേയുടെ വിജയം. ഗൂറോ റീത്തന്‍ (17), ലിസ മേരി ഉത്‌ലാന്‍ഡ് (34) എന്നിവരാണ് സ്‌കോറര്‍മാര്‍. 37-ാം മിനുട്ടിലെ നൈജീരിയന്‍ ഡിഫന്‍ഡര്‍ ഒസിനാച്ചി ഒഹാലെയുടെ എവേ ഗോള്‍ നൈജീരിയയുടെ പരാജയം ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന-ജപ്പാനെയും കാനഡ-കാമറൂണിനേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."