ദമാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മലയാളി വനിതയടക്കം മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമാം: ദമാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മലയാളി വനിതയടക്കം മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
കോട്ടയം സ്വദേശിനി ബീന എലിസബത്ത്, തമിഴ്നാട്ടുകാരി സഖിയ ബീഗം, ഉത്തര്‍പ്രദേശുകാരി ശ്വേതാഗുപ്ത എന്നിവരാണ് എംബസിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
കോട്ടയം സ്വദേശിനിയായ ബീന എലിസബത്ത് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കാരിയായി എത്തിയത്. ആദ്യ രണ്ടു മാസം മാത്രമാണ് ശമ്പളം ലഭിച്ചിരുന്നത്. പിന്നീട് മൂന്നു മാസത്തോളം ശമ്പളകുടിശ്ശിക ആയതോടെ വീട്ടില്‍ നിന്നും പുറത്ത് ചാടിയ ഇവര്‍ പോലീസുകാരുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു.
ഒന്നരവര്‍ഷം മുന്‍പ് ദമാമില്‍ സഊദി ഭവനത്തില്‍ വീട്ടുജോലിക്കെത്തിയ
തമിഴ്നാട്ടുകാരി സഖിയ ബീഗം ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങളും ശമ്പള കുടിശ്ശികയും മാനസികപീഢനങ്ങളും ഏല്‍ക്കേണ്ടി വന്നതോടെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലിസുകാര്‍ അവരെ ദമാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു
ശ്വേതാഗുപ്ത അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. നാലുമാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും, ശാരീരിക മര്‍ദ്ദനവും, മാനസികപീഢനങ്ങളും കാരണം ആ വീട്ടിലെ ജോലി നരകതുല്യമായിരുന്നുവെന്നാണ് ശ്വേതാഗുപ്ത പറയുന്നത്. സഹികെട്ട ഇവരും ഒടുവില്‍ ആരുമറിയാതെ പുറത്തിറങ്ങി അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
മൂവരുടെയും സ്പോണ്‍സര്‍മാരെ വിളിച്ചു സംസാരിച്ചെങ്കിലും സ്പോണ്‍സര്‍മാര്‍ സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വഴി മൂവര്‍ക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കുകയുമായിരുന്നു. സഊദി അധികൃതര്‍ തന്നെ ഇവര്‍ക്ക് വിമാനടിക്കറ്റ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."