പിണറായി കൂട്ടക്കൊല: സൗമ്യയുടെ ഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രദേശവാസിയായ ഒരാളുടെ പേര് സൗമ്യ ആറു സ്ഥലത്തായി ഡയറിയില്‍ എഴുതിവച്ചിട്ടുണ്ടെന്നാണ് വിവരം. 200 പേജുകളുള്ള ആറ് നോട്ട്ബുക്കുകളിലായാണ് സൗമ്യ ജീവിതകഥകളും കവിതകളും എഴുതിവച്ചിരിക്കുന്നത്. ഇതില്‍ തന്റെ ജീവിതം എങ്ങനെ ഇത്തരത്തിലായി എന്നു പറയുന്നിടത്താണ് നാട്ടുകാരനായ ഒരാളുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. തന്നെ ഇയാള്‍ വിദേശത്ത് കൊണ്ടുപോകാമെന്ന് ഉറപ്പുതന്നു. മറ്റു പല പ്രതീക്ഷകളും തന്നു. എന്നിങ്ങനെ വരികള്‍ക്കിടയില്‍ ആറ് തവണ ഇയാളുടെ പേര് സൗമ്യ ആവര്‍ത്തിക്കുന്നുണ്ട്.
നേരത്തെ അന്വേഷണ സംഘം ചോദ്യംചെയ്തു വിട്ടയച്ച മൂന്നുപേരില്‍ ഒരാളുടെ പേര് തന്നെയാണ് ഡയറിയിലും എഴുതിയിരിക്കുന്നത്. എന്നാല്‍ തന്റെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ സംഭവുമായി ഇയാളുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടുമില്ല. ഇതോടൊപ്പമുള്ള ആറ് കവിതകള്‍ ജയില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ളതാണ്. സൗമ്യ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ച ടൗണ്‍ സി.ഐ ആറ് ഡയറിക്കുറിപ്പുകളും പരിശോധിച്ചിരുന്നു.
ഈ കുറിപ്പുകളിലെ പ്രസക്ത ഭാഗങ്ങള്‍ സി.ഐ പ്രത്യേകം നോട്ടായി തലശ്ശേരിയിലെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നു സൂചനയുണ്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടില്ല. എന്നാല്‍ ഏക പ്രതി ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം. ജില്ലാ പൊലിസ് മേധാവി ട്രെയിനിങ്ങിന്റെ ഭാഗമായി സ്ഥലത്തില്ലാത്തതും കേസിന്റെ മെല്ലെപ്പോക്കിന് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."