ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ ഇനി വേഗത്തില്‍ തിരിച്ചറിയാം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: പുണ്യനഗരിയില്‍ മരണപ്പെടുന്ന ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ ഇനി വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി അത്യാധുനിക ബയോമെട്രിക് ഉപകരണമായ 'ബനാന്' സഊദി പാസ്പോര്‍ട്ട് വിഭാഗം പുറത്തിറക്കി. ഇത് പരീക്ഷിച്ച് വിജയം കാണുകയും ചെയ്തു. മരണപ്പെടുന്ന തീര്‍ഥാടകന്റെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും അതിവേഗത്തില്‍ മൃതദേഹത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉപകരണം ഉപയോഗിച്ച് കണ്ടെത്താനാകും.
കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ടെര്‍മിനലില്‍ മരിച്ച 80കാരന്റെ മൃതദേഹം ഞൊടിയിടയിലാണ് തിരിച്ചറിഞ്ഞത്. രാവിലെ എട്ടിന് മരിച്ച തീര്‍ഥാടകന്റെ മൃതദേഹം 10 സെക്കന്‍ഡ് കൊണ്ട് തിരിച്ചറിയാനായി. സ്വാഭാവിക മരണമായിരുന്നു ഇത്. മരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള യാതൊരു തെളിവും ഉണ്ടായിരുന്നില്ലെങ്കിലും ഉപകരണത്തിന്റെ സഹായത്തോടെ ബയോമെട്രിക് സംവിധാനത്തില്‍ മുഴുവന്‍ വിവരങ്ങളും വളരെ വേഗം ലഭ്യമായി.
ഉംറ തീര്‍ഥാടനത്തിനിടെ മരിക്കുന്നവരില്‍ രേഖകളില്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും അതുമൂലം നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാനും നൂതന സാങ്കേതിക ഉപകരണം സഹായകമാകുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് ജവാസാത്ത് മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."