ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല :മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമെന്ന് കെ കെ ശൈലജ
്തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമുണ്ടായതെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
'നമുക്കറിയാം മനുഷ്യസമൂഹത്തിലെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് ബലാത്സംഗം. സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസ്സിനെ ആക്രമിക്കുക ഇതെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്.
ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും മറ്റേതൊരു കുറ്റകൃത്യത്തേക്കാളും നീചമായ അക്രമം നടത്തിയയാളെ ശിക്ഷിക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവിടെ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുന്നു.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടക്കിടെ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുണ്ട്. അത് തികച്ചും അപലപനീയമാണ്.ആരും ഇത് ആവര്‍ത്തിക്കരുത്. ഇതിന്റെ വസ്തുത എല്ലാവരും തിരിച്ചറിയണം. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധമുയരണം.’ കെ.കെ ശൈലജ പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."