സ്ത്രീവിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ വനിതാകമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. സ്വമേധയാ ആണ് കേസെടുത്തത്. രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിനു അപമാനമാണെന്ന് വനിത കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണം.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും വനിത കമ്മീഷന് ആവശ്യപ്പെട്ടു.
യു.ഡി.എഫ് സമരവേദിയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ നേരത്തെ പ്രതികരിച്ചിരുന്നു.
ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് അത് ഉണ്ടാകാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.
പ്രസംഗത്തില്‍ സോളാര്‍ കേസ് പ്രതിക്കെതിരായി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സോളാര്‍ കേസ് മുന്‍നിര്‍ത്തി യു.ഡി.എഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."