അറുപത്തിയഞ്ചിലെങ്കിലും മാറേണ്ട മലയാളി മനസ്
കേരളത്തിന്റെ 64 - ാമത് പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ഈ കൊച്ചു സംസ്ഥാനത്തിനു മാത്രമേ ഓരോ ജില്ലകളിലും ദൃശ്യമാകുന്ന ഭാഷാ വൈവിധ്യം മുതലുള്ള എണ്ണമറ്റ പ്രത്യേകതകള്‍ അവകാശപ്പെടാന്‍ കഴിയൂ. ഇന്ത്യയുടെ തെക്കേ അറ്റത്തുകിടക്കുന്ന ഈ പ്രദേശം 64 വര്‍ഷങ്ങള്‍ക്കിപ്പുറം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായി. ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഭൂപരിഷ്‌കരണം തുടങ്ങി രാജ്യത്തിനു തന്നെ മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞു. 2020ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച ഭരണനിര്‍വഹണമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തി. 1.38 പോയിന്റ് നേടിയാണ് കേരളം പട്ടികയില്‍ മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷവും കേരളം തന്നെയായിരുന്നു ഒന്നാമത്. തീര്‍ച്ചയായും വിവിധ മേഖലകളില്‍ തുടര്‍ച്ചയായി ലഭിക്കുന്ന ഇത്തരം 'ഒന്നാംപട്ടം' മുഴുവന്‍ മലയാളികള്‍ക്കും അഭിമാനകരമാണ്. കേരളത്തിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം കഴിഞ്ഞ ആറരപതിറ്റാണ്ടായി ഭരണം നടത്തിയ ജനകീയ സര്‍ക്കാരുകളുടെ ഇടപെടലുകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണങ്ങളും തന്നെയാണ് മുഖ്യം.
രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഈ കൊച്ചു സംസ്ഥാനം ഒട്ടും പിന്നിലായിരുന്നില്ല. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഭരണമാറ്റം എന്ന ജനാധിപത്യ പ്രക്രിയക്കും കേരളം തുടര്‍ച്ചയായി വേദിയാകുന്നതുകൊണ്ടാകാം ഓരോ സര്‍ക്കാരിന്റെയും അവസാനകാലഘട്ടങ്ങളില്‍ ഇത്രമേല്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നതും. വിവാദങ്ങള്‍ ചര്‍ച്ച ചെയ്തു പരിവര്‍ത്തനത്തിന് വിധേയമായി അഗ്നിശുദ്ധി വരുത്താന്‍ പാര്‍ട്ടികളും നേതാക്കളും ശ്രമിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ സംശുദ്ധിയുടെ അളവുകോല്‍ തങ്ങളുടെ മാത്രം ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് കരുതുന്നവരെ ജനാധിപത്യ രീതിയിലൂടെ കേരളം അകറ്റി നിര്‍ത്താറുമുണ്ട്.
ലോകത്തിനൊപ്പം കേരളവും വികസനത്തിലേക്ക് മുന്നേറുമ്പോള്‍ ശരാശരി കേരളീയ മനസ് ഇപ്പോഴും പ്രാകൃതാവസ്ഥയില്‍ തുടരുന്നുവെന്നതാണ് അറുപത്തിയഞ്ചാം വര്‍ഷത്തിലും നമ്മളെ ആശങ്കപ്പെടുത്തുന്നത്. ഭരണ നിര്‍വഹണത്തിലും വികസനത്തിലുമുള്ള കുതിപ്പിന്റെ പട്ടികയ്‌ക്കൊപ്പം കേരളത്തിന്റെ 'ക്രിമിനല്‍ മനസ്' എത്രമേല്‍ ആശങ്കപ്പെടുത്തുന്നുവെന്നതാണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളും ഉയര്‍ന്ന സത്യസന്ധതയും മാനവികതയും പരസ്പര സ്‌നേഹവും സാഹോദര്യവും പുലര്‍ത്തുമ്പോള്‍ വിരലിലെണ്ണാവുന്നവരുടെ മാനസിക വൈകൃതങ്ങളാണ് ക്രൈം ലിസ്റ്റില്‍ കേരളത്തെ മുന്‍പിലെത്തിക്കുന്നത്.
കേരളപിറവി ദിനമായ ഇന്നലെ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തകളിലൂടെ കടന്നുപോയാല്‍ മതി ഇത്തരം മലയാളി മനസിന്റെ ജീര്‍ണത മനസിലാക്കാന്‍. വാളയാറിലെ രണ്ടു ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി തേടിയുള്ള ഒരു കുടുംബത്തിന്റെ പ്രതിഷേധം തുടരുമ്പോഴാണ് കട്ടപ്പനയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നത്. തൊടുപുഴയില്‍ രണ്ടാനച്ഛന്‍ ഭിത്തിയിലെറിഞ്ഞ് തലയോട്ടി തകര്‍ന്ന ഏഴു വയസുകാരന്റെ ദൈന്യത കേരള മനഃസാക്ഷിയെ ഏറെ മുറിവേല്‍പ്പിച്ചിരുന്നു. അതേ തൊടുപുഴയില്‍ തന്നെ, വിളിച്ചിട്ട് അടുത്തുവരാത്തതിന് അഞ്ചു വയസുകാരനെ അച്ഛന്റെ സഹോദരന്‍ എടുത്തു പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ് തലയോട്ടി പൊട്ടി രക്തസ്രാവമുണ്ടായി. തൊടുപുഴ ഉണ്ടപ്ലാക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലാണ് ഈ ദാരുണ സംഭവം നടന്നത് എന്നത് വിസ്മരിക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കിനു കവറേജുള്ള സ്ഥലത്തേക്ക് ജീപ്പില്‍ പോയ 16 വയസുകാരിയെ ജീപ്പ് ഡ്രൈവര്‍ പീഡിപ്പിച്ചു. മൂന്നാറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം.
മാറിയ കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനത്തോടും തൊഴില്‍ സാഹചര്യങ്ങളോടുമെല്ലാം മലയാളി ജീവിതവും ഇഴുകി ചേര്‍ന്നാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കേരളം 64 വര്‍ഷം കൊണ്ട് എത്തിപ്പിടിച്ച ഈ മാറ്റവും അത് സമൂഹത്തിലുണ്ടായ പ്രതിഫലനവും ചെറുതല്ല. പ്രളയവും കൊവിഡും മറ്റു പ്രകൃതി ദുരന്തവുമൊക്കെ ഇടയ്ക്കിടെ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നമ്മള്‍ അതിജീവിച്ചത് ഈ സാങ്കേതികതയുടെയൊക്കെ പിന്‍ബലത്തിലായിരുന്നു. എന്നിട്ടും ഇപ്പോഴും ഇരുളിനേയും ഇടവഴികളേയും പെണ്‍ശരീരങ്ങള്‍ ഭയപ്പെടുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ തലകുനിക്കാതിരിക്കാനാവില്ല. സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ എന്തൊക്കെ നിയമങ്ങള്‍ നടപ്പിലാക്കിയാലും മാറാത്ത മലയാളി മനസില്‍ സ്ത്രീ ശരീരങ്ങള്‍ കാമപൂര്‍ത്തീകരണ ഉപകരണമായി മാത്രമാണോ നിലനില്‍ക്കുന്നതെന്ന് സംശയിച്ചുപോകും. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരും കുട്ടികളും അക്രമിക്കപെടുകയോ പീഡിപ്പിക്കപെടുകയോ ചെയ്യുന്നു.
മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് കേരളത്തിന് ഭരണ നിര്‍വഹണത്തിന് ഒന്നാം സ്ഥാനം നല്‍കിയത്. എന്നാല്‍ ഇതിനായുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പങ്കുവച്ച ആശങ്കകളും നാം കാണാതെ പോകരുത്. പട്ടിക ജാതി, വര്‍ഗക്കാര്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അക്രമത്തില്‍ കേരളം മുന്‍പിലാണെന്നും അഴിമതിയുടെ കാര്യത്തിലും കേരളത്തിലെ സ്ഥിതി അത്ര ആശാവഹമല്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
എത്ര മികച്ച ഭരണമായാലും അതിന്റെ നേട്ടങ്ങളും തുല്യനീതിയും എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുമ്പോഴേ അതൊരു ക്ഷേമസമൂഹമാകുകയുള്ളൂ. എന്നാല്‍, കേരളത്തിലും വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇപ്പോഴും ഇതെല്ലാം സ്വപ്നം മാത്രമാണെന്നാണ് ഓരോ വര്‍ഷവും ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ അക്രമങ്ങളും പീഡനങ്ങളും കുറ്റകൃത്യ പട്ടികയിലെ ഒരു എണ്ണത്തിനപ്പുറം അരക്ഷിതമായ ഒരു വിഭാഗത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് കാണാതെ പോകരുത്. തെരുവുകളിലും വീട്ടകങ്ങളിലും പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ സര്‍ക്കാരിനെ മാത്രം കുറ്റംപറഞ്ഞ് രക്ഷപ്പെടാനും ആവില്ല. ഒരു കുറ്റകൃത്യം നടന്നാല്‍ പൊലിസിനും ഭരണകൂടത്തിനും ഇടപെടാം. നിയമത്തിന് മുന്‍പില്‍ പ്രതികളെ എത്തിച്ച് മറ്റൊരാളെ സമാന കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് ഒഴിവാക്കാനാകും. ഇതില്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന വീഴ്ച വീണ്ടും പീഡനങ്ങളും അതിക്രമങ്ങളും ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ നിലയ്ക്കണമെങ്കില്‍ മുഖ്യമായും മാറേണ്ടത് മലയാളികളുടെ മനസ് തന്നെയാണ്.
കേരളത്തിന്റെ കുറ്റകൃത്യ മനസിന്റെ ആഴമറിയണമെങ്കില്‍ ലോക്ക്ഡൗണ്‍ കാലത്തെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മതി. ലോക്ക്ഡൗണില്‍ പൊലിസ് പരിശോധനയും നിയന്ത്രണങ്ങളും കൂടിയപ്പോള്‍ പൊതു കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായി. ഈ കാലയളവില്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കേരളം പിന്നോട്ടുപോയി. എന്നാല്‍ ഈ സമയം സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി. ലോക്ക്ഡൗണ്‍ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കെ 7 കംപ്യൂട്ടിങ്ങിന്റെ സൈബര്‍ ത്രെട്ട് റിപ്പോര്‍ട്ട് പ്രകാരം വിവിധ തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളാണ് കേരളത്തില്‍ ഈ കാലയളവില്‍ നടന്നത്. കൊവിഡ് ഭീതിയിലും കേരളത്തിന്റെ സൈബര്‍ ലോകത്ത് വന്‍ ചതികളുടെ വൈറസ് പടര്‍ത്തിയത് അണയാത്ത കുറ്റകൃത്യ വാസനയുടെ ബാക്കിപത്രമായി വേണം കാണാം. കേരളത്തിന് അറുപത്തിയഞ്ച് തികയുമ്പോഴെങ്കിലും ഈ കുറ്റകൃത്യ മനസിന് കടിഞ്ഞാണിടാന്‍ നമുക്ക് കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."