ലയനം നാലുവട്ടം ആലോചിച്ചു മതി
കെ.എം മാണിയുടെയും ജോസഫിന്റെയും കേരള കോണ്‍ഗ്രസുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ലയിച്ചത് ആ പാര്‍ട്ടിക്ക് എത്രമാത്രം ക്ഷീണമാണുണ്ടാക്കിയതെന്നു മാണി മരിച്ചശേഷമാണു പ്രകടമാകുന്നത്. ലയിക്കുന്നതിനു മുന്‍പ് മാണിയുടെ കേരള കോണ്‍ഗ്രസ് മാണിയുടേതു മാത്രമായിരുന്നു. മാണിക്കു ശേഷം നേതാവാര് എന്നത് അന്ന് ആലോചിക്കേണ്ട കാര്യമേയുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ സ്ഥിതി ഗുരുതരമാണ്. മാണിക്കുശേഷം നേതാവാകാന്‍ കുഞ്ഞുമാണിയെ അനുവദിക്കില്ലെന്ന പിടിവാശിയിലാണു ഔസേപ്പച്ചന്‍. പുതിയ മാണി താനാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അപ്പന്‍ മരിച്ചാല്‍ മകന്‍ എന്നതു കേരള കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലില്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.
അത് അംഗീകരിക്കാന്‍ ജോസ് കെ. മാണിയെന്ന മാണിയുടെ മകനു കഴിയില്ലല്ലോ. അപ്പന്‍ ചോരയും നീരും നല്‍കി വളര്‍ത്തിയെടുത്ത തങ്ങളുടെ പാര്‍ട്ടിയെ ഇന്നലെ വിരുന്നുവന്ന ഔസേപ്പച്ചന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിച്ചു കൊടുക്കാനാവില്ലല്ലോ. ജോസ് കെ. മാണി വിട്ടുകൊടുക്കാനേ തയാറല്ല. അതിനാല്‍, ലയനത്തിലൂടെ വളര്‍ന്നുവെന്നു പലരും കരുതിയ കേരള കോണ്‍ഗ്രസ് (എം) ഒരു നെടുകെ പിളര്‍പ്പിലേക്കു കൂപ്പുകുത്തുകയാണ്.
മാറുന്ന രാഷ്ട്രീയസാഹചര്യം
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44ല്‍നിന്ന് 52 ലേക്കു മാത്രം അംഗസംഖ്യ ഉയര്‍ത്താനേ കോണ്‍ഗ്രസിനു കഴിഞ്ഞുള്ളൂ. ഇറ്റലിക്കാരിക്കു പ്രധാനമന്ത്രിപദം കൊടുക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച്, അന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായിരുന്ന ശരത് പവാര്‍, താരീഖ് അന്‍വര്‍, പി.എ സാങ്മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടിരുന്നു. അങ്ങനെ രൂപീകരിച്ച എന്‍.സി.പിയുടെ നിലനില്‍പ്പു പോലും അസാധ്യമായ അവസ്ഥയിലാണിന്ന്. കോണ്‍ഗ്രസില്‍ ലയിച്ചാലല്ലാതെ തന്റെ മകള്‍ സുപ്രിയാ സുലേയുടെ രാഷ്ട്രീയഭാവി ത്രിശങ്കുവിലാണെന്ന് ഇപ്പോള്‍ പവാര്‍ തിരിച്ചറിയുന്നു. ലക്ഷദ്വീപില്‍നിന്നു വിജയിച്ച മുഹമ്മദ് ഫൈസലും ഒരു സ്വതന്ത്രനും അടക്കം അഞ്ചംഗങ്ങളാണ് ഇപ്പോള്‍ എന്‍.സി.പിക്കു ലോക്‌സഭയിലുള്ളത്. ഈ രീതിയില്‍ അധികകാലം സ്വതന്ത്രമായി നിലനില്‍ക്കാനാവില്ല. അതിനാല്‍, കോണ്‍ഗ്രസില്‍ ലയിക്കുന്നതാണ് ബുദ്ധിയെന്നാണു പവാര്‍ ഇപ്പോള്‍ വിചാരിക്കുന്നത്.
എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ കോണ്‍ഗ്രസിന് നിയമാനുസൃതം പ്രതിപക്ഷ നേതൃസ്ഥാനം ചോദിച്ചുവാങ്ങാനാവും. ഒട്ടുമിക്ക പാര്‍ലമെന്ററി കാര്യസമിതികളിലും കൂടിയാലോചനാ സമിതികളിലും സുപ്രധാന ഭരണനിര്‍വഹണ രംഗങ്ങളിലും കാബിനറ്റ് റാങ്കുള്ള നിയമാനുസൃത പ്രതിപക്ഷ നേതാവിനു പങ്കെടുക്കാനാകും. അതു കോണ്‍ഗ്രസിനു വലിയൊരു രാഷ്ട്രീയ നേട്ടവുമാണ്. എന്നാല്‍, ഈ താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള ലയനം മറ്റൊരു പിളര്‍പ്പിനുവേണ്ടിയുള്ള അടിത്തറ പാകലാവരുത്. ലയനവും പിളര്‍പ്പും ഒരു ദിവസം തന്നെ സംഭവിക്കുന്ന സാഹചര്യവും ഉണ്ടാവരുത്.
പൊളിച്ചെഴുത്ത്
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അറുപതിനായിരം കോടിയിലധികം രൂപ ചെലവഴിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ബി.ജെ.പി മാത്രം 27,000 കോടി രൂപ ചെലവഴിച്ചു. ഇതൊന്നും അന്തിമകണക്കല്ല. അനുബന്ധ ചെലവുകളും മറ്റും കൂട്ടുമ്പോള്‍ അനേകായിരം കോടി രൂപയാണ് ചെലവു വരുന്നത്. ഇത്ര ചെലവേറിയ തെരഞ്ഞുടുപ്പിലൂടെയും ഭൂരിപക്ഷം ജനങ്ങളുടെ പ്രതിനിധികളല്ല തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ജനാധിപത്യം കട്ടപ്പുറത്തുതന്നെ. ഈ തെരഞ്ഞെടുപ്പിലൂടെ രാജ്യം ഭരിക്കാന്‍ അവസരം കിട്ടിയ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 37 ശതമാനം മാത്രം. 63 ശതമാനം ഭാരതീയര്‍ ഈ ഭരണകൂടത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് അര്‍ഥം.
അതിനപ്പുറത്തു മറ്റൊരു കാര്യം കൂടിയുണ്ട്. വോട്ട് ചെയ്തവരുടെ എണ്ണവും വോട്ടിങ് മെഷീനിലെ എണ്ണവും തമ്മില്‍ 373 മണ്ഡലങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ടായി. നരേന്ദ്രമോദിയുടെ മുന്‍ സഹായി കൂടിയായ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രേതങ്ങള്‍ വന്നു വോട്ട് ചെയ്‌തോയെന്നു പരിഹസിച്ചു. അങ്ങനെ പരിഹസിച്ചു തള്ളേണ്ടതല്ല മഹത്തായ ഇന്ത്യന്‍ ജനാധിപത്യ പാരമ്പര്യം. ജനാധിപത്യം ദുര്‍ബലപ്പെട്ട രാഷ്ട്രത്തിനും സമൂഹത്തിനും കുതിപ്പ് അസാധ്യമാണ്.
വികടകവി
കോണ്‍ഗ്രസിലെ സുധാകരന്‍ വക്കീലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സുധാകരന്‍ കവിയാണ്. വിജയരാഘവനും മികച്ച വിദ്യാഭ്യാസമുണ്ട്. പക്ഷേ, ആവേശം വന്നാല്‍ നില മറക്കും. മനസിലുള്ളതെല്ലാം പറയും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിന്റെ പേരില്‍ ഇവരൊക്കെ കോടതി കയറാന്‍ നില്‍ക്കുകയാണ്. രമ്യാഹരിദാസിനെക്കുറിച്ചു വിജയരാഘവന്‍ പറഞ്ഞതു പാര്‍ട്ടിക്കു മനസിലായില്ലെങ്കിലും വോട്ടര്‍മാര്‍ക്കു മനസിലായി. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആയിരം കണ്ണും കാതും തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.
മറ്റുള്ളവരെ പരിഹസിക്കാനല്ല നേതാവാകുന്നത്. നാട്ടുകാര്‍ക്കു സഹായം ചെയ്യാനാണ്. സോണിയാഗാന്ധിയെ പണ്ടു മദാമ്മയെന്നു വിളിച്ചതിന്റെ പാപഭാരം കുറേക്കാലം ചുമക്കേണ്ടിവന്നു കെ. മുരളീധരന്. മതന്യൂനപക്ഷങ്ങള്‍ക്കു നേരേ എത്ര മോശം പരാമര്‍ശങ്ങളാണ് അച്യുതാനന്ദന്റെ നാവില്‍നിന്നുതിര്‍ന്നത്. നേതാവായാല്‍ മാന്യത വേണ്ടെന്നു ധരിക്കരുത്.
ചിലരുണ്ട്, സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് കളം മാറും. അതില്‍ അഗ്രഗണ്യനാണ് എ.പി അബ്ദുല്ലക്കുട്ടി. സി.പി.എമ്മില്‍ നിന്നു കിട്ടാവുന്നതൊക്കെ നേടി ഇനിയൊന്നും കിട്ടാനില്ലെന്നു വന്നപ്പോള്‍ കോണ്‍ഗ്രസിലേക്കു കളം മാറി. അവിടെനിന്നു പരമാവധി നേടിയ ശേഷമാണ് വീണ്ടും കളംചാടുന്നത്. പുകഴ്‌ത്തേണ്ടവരെ പുകഴ്‌ത്തേണ്ട സമയത്ത് പുകഴ്ത്തുക. നാവിനു നികുതിയില്ലാത്തതുകൊണ്ട് ലാഭസ്വപ്നത്തിലേയ്ക്കു കയറാന്‍ നല്ല നാലുവാക്ക് പറയുക തന്നെ. മോദിയുടെ വികസന വിപ്ലവമാണ് അബ്ദുല്ലക്കുട്ടി പറയുന്നതിന്റെ കാതല്‍. പേര് സൂചിപ്പിക്കുന്നതുപോലെ കക്ഷി ഇപ്പോഴും കുട്ടി തന്നെ. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഈ കുട്ടി ഒന്ന് സഞ്ചരിച്ചിരുന്നുവെങ്കില്‍ ദൈന്യതയുടെ ഇല്ലായ്മയുടെ പട്ടിണിയുടെ തൊഴില്‍ രഹിതരുടെ പീഡിതരുടെ മര്‍ദിതരുടെ ഭയചകിതമായ മുഖങ്ങളും പ്രതീക്ഷ വറ്റിയ കണ്ണുകളും കാണാനാകുമായിരുന്നു. 69,000 കക്കൂസുകളും 2000 രൂപയും 125 കോടി ജനങ്ങള്‍ പാര്‍ക്കുന്ന ഭാരതത്തില്‍ കടലില്‍ കായം കലക്കിയതിന് സമം മാത്രം. അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും മോദിയെ അളന്നുതൂക്കി മൂല്യനിര്‍ണയം നടത്തിയിട്ടുണ്ട്. പേരിനോട് നീതി പുലര്‍ത്തുന്ന കുട്ടിത്തം തന്നെയാണ് അബ്ദുല്ലക്കുട്ടിയെ ഈ പരുവത്തില്‍ എത്തിച്ചത്. പീഡിതരെ ഒന്നിച്ചു പരിഹസിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ല. അല്ലെങ്കില്‍ സുധാകരനെ പോലെ കുട്ടിയും കോടതി കയറേണ്ടി വന്നേനെ.
മഹാ ഗഡ്ബന്ധന്‍
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മായാവതിയും അഖിലേഷ് യാദവും അവരുടെ പാര്‍ട്ടികളായ ബി.എസ്.പിയും എസ്.പി യും പിന്നെ ചില പ്രാദേശിക ചെറു കക്ഷികളും രൂപീകരിച്ച മഹാ ഗഡ്ബന്ധന്‍ എന്ന മഹാസഖ്യം പറയത്തക്ക ചലനമുണ്ടാക്കിയില്ല. കാന്‍സി റാമു മുലായംസിങ് യാദവും ജാതി അടിസ്ഥാനത്തില്‍ അടിത്തറ പാകി വളര്‍ത്തിയ പ്രത്യയശാസ്ത്രങ്ങള്‍ അധികാര രാഷ്ട്രീയത്തിന് മുന്‍പില്‍ പരസ്പരം പിണങ്ങാന്‍ സാധിച്ചില്ല. അങ്ങിങ്ങ് അല്‍പം വോട്ട്ബാങ്കുകളുള്ള കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കി നടത്തിയ പോരാട്ടവും രണ്ടില്‍നിന്ന് ഒന്നായി സീറ്റ് കുറയാനാണ് ഇടയാക്കിയത്. താല്‍ക്കാലിക ഏച്ചുകെട്ടലുകള്‍ക്ക് പൊതുബോധം നല്‍കിയ മറുപടിയാവാം നിരാശപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി ഹിന്ദുത്വ ഏകീകരണം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ യാദവരും ദലിതരും ഭിന്നിച്ചു മത്സരിക്കുന്നത് തോല്‍വി ഉറപ്പിക്കുക മാത്രമാണ് ഫലമെന്ന് മനസിലാവാത്ത രാഷ്ട്രീയനേതൃത്വം കൊട്ടാരങ്ങളില്‍ ഇരുന്നു മനപ്പായസം കഴിച്ചിട്ട് എന്തുഫലം.? മതേതരത്വം പ്രത്യയശാസ്ത്രപരമായി പരിഗണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കാന്‍ വൈകുന്തോറും ഫാസിസം അതിന്റെ സംഹാരതാണ്ഡവങ്ങള്‍ തുടരും.
ഭാരതത്തിലെ വിവിധ വിശ്വാസങ്ങള്‍ പരിഗണിച്ചും ബഹുമാനിച്ചും അംഗീകരിച്ചും ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് വേണ്ടത്. വിഭജന രാഷ്ട്രീയം ഇന്ത്യക്ക് ലോകത്തിനു മുന്‍പില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭയ ചിത്തരായി കഴിയുന്ന രാജ്യമായി ഭാരതം മാറുകയാണ്. അന്താരാഷ്ട്ര സമൂഹവും സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇന്ത്യയുടെ ദുരന്തത്തെക്കുറിച്ച് വിലപിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന പോലെ ഇന്ത്യയിലും വ്യാപകമാണ്. ഉയിഗൂര്‍ മുസ്‌ലിംകള്‍ ഒരു തരം തുറന്ന ജയിലില്‍ മര്‍ദിതരാണ്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. പേരും വേഷവും ജീവന് ഭീഷണിയാകുന്ന വിധം ഭാരതത്തില്‍ വര്‍ഗീയത രൂക്ഷമായിരിക്കുന്നു.
മഹാത്മാഗാന്ധിയെ പോലെ ഒരു നല്ല നേതാവിന്റെ പിറവി ഭാരതം പ്രതീക്ഷിക്കുന്നു. ധര്‍മം ക്ഷയിക്കുമ്പോള്‍ നവോത്ഥാന നായകര്‍ അവതരിക്കുന്നത് ചരിത്ര നീതിയാണ്. ഒരു രക്ഷകനെ ഇന്ത്യ തേടുന്നുണ്ട്. വര്‍ഗീയ ഭ്രാന്തന്മാര്‍ മലിനമാക്കിയ ഭാരതത്തിന്റെ മനസ് മാറ്റിയെടുക്കാന്‍ കഴിയുന്ന നേതൃത്വം അനിവാര്യമാണ്. ലാഭക്കൊതിയന്മാരായ നേതാക്കള്‍ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതില്‍ പിന്നെ ഇന്ത്യയുടെ ആത്മാവ് ചൈതന്യമായിരുന്നില്ല. സഹിഷ്ണുതയുടെ പാഠം ലോകത്തിന് പഠിപ്പിച്ച ഭാരതം അസഹിഷ്ണുതയുടെ നാടായി മാറിയത് വീണ്ടുവിചാരത്തിന് വിധേയമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."