നിപാ: യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
കൊച്ചി: നിപാ സംശയത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞതോടെ മറ്റ് ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐ.സി.യുവിലേക്കും മാറ്റി. ഏഴ് രോഗികളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. എറണാകുളം മെഡിക്കല്‍ കോളജില്‍ ഇന്നലെ പരിശോധിച്ച അഞ്ച് സാംപിളുകളുടെയും ഫലം നെഗറ്റീവാണ്. 10 സാംപിളുകളുടെ പരിശോധന നടന്നു വരികയാണ്.
നിപാ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയും കൂടുതല്‍ മെച്ചപ്പെട്ടു. യുവാവ് പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നന്നായി ഉറങ്ങിയ യുവാവിന് 48 മണിക്കൂറായി പനിയും അനുഭവപ്പെട്ടില്ല. ഇതിനിടെ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുള്ള 329 പേരില്‍ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇവരില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുള്‍പ്പെട്ടവരാണ്.
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആലുവ പാലസില്‍ 45 വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. നാളെ പറവൂര്‍ മേഖലയില്‍ നിന്ന് വവ്വാലിന്റെ സാംപിളുകള്‍ ശേഖരിക്കും. അതേസമയം നിപായെ പ്രതിരോധിക്കാനുള്ള പരിശീലന പരിപാടികളും തുടരുകയാണ്.
നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് പറവൂര്‍ നഗരസഭയുടെ കീഴില്‍ പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ 300പേര്‍ക്ക് പരിശീലനം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍.വിദ്യ ക്ലാസ്സെടുത്തു. മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളില്‍ അങ്കണവാടി ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം 13ന് പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."