നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.
ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹരജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന് അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.
കേസിന്റെ വിചാരണക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."