ലാലു ബിനാമി ഇടപാടിന്റെ ഗുണഭോക്താവെന്ന് റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ വ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് 1000 കോടിയുടെ ബിനാമി ഇടപാടിന്റെ ഗുണഭോക്താവാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന വ്യാപക റെയ്ഡില്‍ ലാലുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ 22 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഡല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ റെയ്ഡ് നടന്നതായി ഓദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയ ജനതാദള്‍ എം.പിയുടെ മകന്‍ പി.സി. ഗുപ്തയുടെയും വീടും ഇതിലുള്‍പെടും. ആദായനികുതി വകുപ്പിന് കീഴില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സര്‍വേകളും നടന്നു.
ലാലു പ്രസാദ്, എം.പിയായ മകള്‍ മിസ ഭാരതി, അവരുടെ രണ്ട് മക്കള്‍, ബിഹാര്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ എന്നിവര്‍ 1000 കോടിയുടെ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി ബി.ജെ.പി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഈ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാവിലെ ചെന്നൈയില്‍ യു.പി.എ സര്‍ക്കാറിലെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."