എം.ഇ.എസ് നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ചവരെ പുറത്താക്കി
കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്ഗഫൂറിനും ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ ലബ്ബയ്ക്കുമെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചവരെ സംഘടനയില്‍ നിന്നും പുറത്താക്കി. എം.ഇ.എസ് സംസ്ഥാന സെക്രട്ടറിയും എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെ മുന്‍ സൂപ്രണ്ടുമായിരുന്ന ഡോ. എന്‍.എം മുജീബ്റഹ്മാന്‍, സ്റ്റേറ്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇരുവരേയും സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
േഡാ. മുജീബ്റഹ്മാന്റെ കൃത്യവിലോപം കാരണമാണ് എം.ഇ.എസിന് കോടികളുടെ നഷ്ടമുണ്ടായതെന്നാണ് വിശദീകരണം. നേരത്തെ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മിഷന് ഡോ. മുജീബ്റഹ്മാനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗമായാണ് കഴിഞ്ഞ ദിവസം സംഘടനക്കെതിരേ മാധ്യമങ്ങള്‍ക്കു വാര്‍ത്തകള്‍ നല്‍കിയതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
അതെ സമയം, എം.ഇ എസിന്റെ ഫണ്ട് തിരിമറി ചെയ്തുവെന്ന പരാതിയില്‍ പ്രസിഡന്റ് ഫസല്ഗഫൂറിനെതിരേയും ജനറല്‍ സെക്രട്ടറി പ്രൊഫ .പി.ഒ.ജെ ലബ്ബയ്ക്കെതിരേയും കഴിഞ്ഞ ദിവസം നടക്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊടുങ്ങല്ലൂരിലെ എം.ഇ.എസ് പ്രവര്ത്തകന് നവാസ് സമര്‍പ്പിച്ച പരാതിയിലായിരുന്നു നടപടി. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരേ ചുമത്തിയിരിക്കുന്നത്. നവാസ് നേരത്തെ നടക്കാവ് പൊലിസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസെടുക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം ആദ്യം കേസ് പരിഗണിച്ച കോടതി നടക്കാവ് പൊലിസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തുടര്‍ന്നായിരുന്നു കേസെടുത്തത്.
ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയായിരുന്ന ഡോ. മുജീബ്റഹ്മാനും എന്‍. അബ്ദുല്‍ ജബ്ബാറും നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തു വരികയായിരുന്നു. പ്രസിഡന്റിനെതിരേ വ്യപകമായി ഉയര്‍ന്നു വരുന്ന എല്ലാ എതിര് ശബ്ദങ്ങളെയും സമര്‍ഥമായി നിശബ്ദമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സസ്പെന്‍ഷനെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ഡോ. മുജീബ്റഹ്മാന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."