തൊടുപുഴയുടെ കിഴക്കന്‍ മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു; ജനം ഭീതിയില്‍
തൊടുപുഴ: കിഴക്കന്‍ മേഖലകളായ വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നതു ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നു. വണ്ണപ്പുറത്ത് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പലരും നിരീക്ഷണത്തിലുമാണ്.
ഒപിയില്‍ വന്നു പോകുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ വീടുകളിലെത്തി ജനങ്ങള്‍ക്ക് വേണ്ടത്ര നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
വേനല്‍മഴ ആരംഭിച്ചതോടെ വീടുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം കൊതുകുകള്‍ പെരുകുകയാണ്. ഇതിനിടെ ഈ മേഖലയില്‍ ആഴ്ചകള്‍ക്കു മുമ്പ് പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം ക്രമാതീതമായി താഴുന്നതാണ് പ്രധാന പ്രശ്‌നം. ഈ സ്ഥിതിയില്‍ എത്തിയാല്‍ അടിയന്തരമായി രക്തം നല്‍കേണ്ടിവരും. പല രോഗികള്‍ക്കും പനി മാറിയതിനു ശേഷമാണ് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.
ഈ ഘട്ടത്തില്‍ രക്തത്തിലെ പ്ലേറ്റ് ലെറ്റ് കുറഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കണം. ചില രോഗികള്‍ക്ക് രക്ത പരിശോധന എല്ലാ ദിവസവും നടത്തേണ്ടിവരും.
ഈ ഘട്ടത്തില്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുകയും, വിശ്രമിക്കുകയും ചെയ്താല്‍ രോഗം പൂര്‍ണമായും ഭേദപ്പെടുത്തുവാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ശക്തിയായ പനി, ക്ഷീണം, തലവേദന, ശരീരവേദന, കാലിനു വേദന എന്നിവയാണ് രോഗ ലക്ഷങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."