ദേശം കടവില്‍ നിന്നുള്ള മണല്‍കടത്ത് ഷാഡോ പൊലിസ് പിടികൂടി
നെടുമ്പാശ്ശേരി: പെരിയാറില്‍ ദേശം കടവില്‍ നിന്നുള്ള വന്‍ മണല്‍കടത്ത് ആലുവ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ പൊലീസ് പിടികൂടി.പൊലീസിനെ കണ്ട മണല്‍ കടത്തു സംഘം പുഴയിലൂടെ രക്ഷപ്പെട്ടു. മണല്‍ കടത്തിയ വാഹനം പിടികൂടി.
ദേശം സര്‍ഗ്ഗം റോഡില്‍ ഫ്‌ലാറ്റ് നിര്‍മ്മാണ സ്ഥലത്തായിരുന്നു വന്‍തോതില്‍ പെരിയാറില്‍ നിന്നും പുഴ മണല്‍ വാരി കൂട്ടിയിരുന്നത്. റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് ഉയരത്തില്‍ നിര്‍മ്മിച്ചിരുന്ന മതില്‍ മറയാക്കിയാണ് മണല്‍ ശേഖരിച്ചിരുന്നത്. പകലും രാത്രിയിലുമായി വഞ്ചിയില്‍ വാരിക്കൊണ്ടു വരുന്ന മണല്‍ ഇവിടെ ശേഖരിച്ച ശേഷം ഇവിടെ നിന്നും വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷാഡോ പൊലീസ് ഇവിടെ എത്തിയത്. അതിവിദഗ്ദമായി പൊലീസ് അകത്ത് കടന്നപ്പോഴേക്കും ഇവിടെ ഉണ്ടായിരുന്നവര്‍ യമഹ ഘടിപ്പിച്ച വള്ളത്തില്‍ രക്ഷപ്പെടുകയായിരുന്നു.ഇവിടെ മണല്‍ കയറ്റിക്കൊണ്ടിരിക്കുകയായിരുന്ന എയ്ഷര്‍ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരുനാഗപ്പള്ളി സ്വദേശി സുലൈമാന്‍ എന്നയാളാണ് വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഓണര്‍ എന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം നെടുമ്പാശ്ശേരി പൊലിസ് കൈമാറി. വില്‍പന നടത്തുന്നതിനായി ഇവിടെ സൂക്ഷിച്ചിരുന്ന മണല്‍ പൊലീസ് കണ്ടു കെട്ടി.ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല.
പെരിയാറില്‍ നിന്നും വന്‍ തോതില്‍ മണല്‍ മറ്റു ജില്ലകളിലേക്ക് സ്ഥിരമായി കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല്ലം, കോട്ടയം ജില്ലകളിലേക്കാണ് ഇവിടെ കൂടുതലായും മണല്‍ കയറ്റി അയച്ചിരുന്നത്.ഷാഡോ പൊലീസ് എസ് ഐ സജീവ് ചന്ദ്രന്‍ ,പോലീസുകാരായ രാജേഷ്, മുഹമ്മദ്, രഞ്ജിത്ത് ,ജോബിന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."