സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി; കിഴക്കൻ പ്രവിശ്യാ പ്രചാരണത്തിന് തുടക്കമായി
ദമാം: പ്രവാസ ജീവിതത്തിനിടെ കുടുംബനാഥനായ പ്രവാസിയുടെ മരണം കൊണ്ടും മാരക രോഗങ്ങൾ കൊണ്ടും പ്രയാസമനഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകി ഏഴു വര്ഷം മുമ്പ് സഊദി കെഎംസിസി ദേശീയ കമ്മിറ്റി തുടക്കംകുറിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വർഷത്തേക്കുള്ള പ്രചാരണ കാംപയിൻ കിഴക്കൻ പ്രവിശ്യയിൽ തുടക്കമായി. പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. സഊദി കെഎംസിസി ദേശീയ സമിതി സെക്രട്ടറിയേറ്റ് അംഗം സക്കീർ അഹ്മദ് കൈപക്കൽ മുഖ്യപ്രഭാഷണം നടത്തി.
ജാതി മത രാഷ്ട്രീയ പ്രാദേശിക വ്യത്യാസങ്ങൾ ഇല്ലാതെ മലയാളികളായ എല്ലാ പ്രവാസികൾക്കും പരസ്പര സഹകരണത്തിൻ്റെ ഉദാത്ത മാതൃകയാണ് ഏഴുവർഷമായി 15 കോടിയിലേറെ രൂപയുടെ മരണാനന്തര ആനുകൂല്യവും ചികിത്സാസഹായവും നൽകി കൊണ്ട് തുടർന്നുവരുന്ന ജനശ്രദ്ധയാകർഷിച്ച സുരക്ഷാ പദ്ധതിയെയെന്ന് പരിപാടിയിൽ പങ്കെടുത്ത സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രവർത്തകരായ ഷാജി മതിലകം, ഷാജി വയനാട്, മഞ്ജു മണിക്കുട്ടൻ, ജാഫർ എടവണ്ണപ്പാറ, ഖിദറ് മുഹമ്മദ്, എം കെ ഷാജഹാൻ, സലാം ജാംജൂം, മണിക്കുട്ടൻ പത്മനാഭൻ, ഇഖ്ബാൽ ആനമങ്ങാട്, കെഎംസിസി നേതാക്കളായ മാമു നിസാർ, ഖാദി മുഹമ്മദ്, ഹമീദ് വടകര, ഖാദർ മാസ്റ്റർ വാണിയമ്പലം, സിദ്ദീഖ് പാണ്ടികശാല, അമീറലി കൊയിലാണ്ടി, റഹ്മാൻ കാരയാട്, സിറാജ് ആലുവ, മുഹമ്മദ് കുട്ടി തിരൂർ, മഹ്ശൂക്ക് റഹ്മാൻ ചേലമ്പ്ര എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ട്രഷറർ സിപി ശരീഫ് നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ ദമാം, അൽകോബാർ, തുക്ബ, അബ്കേക്, അൽഹസ, ഖത്തീഫ്, റഹീമ, ജുബൈൽ, നാരിയ, ഖഫ്ജി എന്നീ സെൻട്രൽ കമ്മിറ്റികൾ മുഖേന ഡിസംബർ 15 വരെ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടാമെന്നും നാട്ടിൽ അവധിയിൽ കഴിയുന്നവർക്ക് സുരക്ഷാ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന കെഎംസിസി കേരള ട്രസ്റ്റ് ഓൺലൈൻ സംവിധാനമായ
www.mykmcc.org എന്നാ പോർട്ടലിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണെന്നും കിഴക്കൻ പ്രവിശ്യാ കെഎംസിസി സുരക്ഷാ പദ്ധതി കോർഡിനേറ്റർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."