നിലമ്പൂര്‍ നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരില്ല; ഭരണം പ്രതിസന്ധിയിലേക്ക്
നിലമ്പൂര്‍: നഗരസഭ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഭരണപ്രതിസന്ധിയിലേക്ക്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് വകുപ്പ് മന്ത്രി കെ.ടി ജലീലിനെയടക്കം നിരവധി തവണ സന്ദര്‍ശിച്ച് ആവശ്യം ഉന്നയിച്ചെങ്കിലും നടപടിയെടുക്കാതെ നഗരകാര്യ ഡയറക്ടര്‍. സൂപ്രണ്ട്, പ്ലാനിങ് ക്ലര്‍ക്ക് ഉള്‍പ്പെടെ 24 ജീവനക്കാരുടെ കുറവാണ് നിലവില്‍ നഗരസഭയിലുള്ളത്. നഗരസഭയുടെ ആവശ്യാര്‍ഥം ഒരു നോട്ടീസ് നല്‍കാന്‍ പോലും ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
അടിയന്തരമായി നഗരകാര്യവകുപ്പ് ആവശ്യത്തിന് ജീവനക്കാരെ നല്‍കിയില്ലെങ്കില്‍ നിലമ്പൂര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന അവസ്ഥയിലാണ്. 2017-18 പദ്ധതികളടക്കം ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലുള്‍പ്പെടെ ആവശ്യത്തിലധികം ജീവനക്കാര്‍ ഉള്ളപ്പോഴാണ് സെക്കന്റ് ഗ്രേഡ് നഗരസഭയായ നിലമ്പൂരിന് ജീവനക്കാരുടെ പാറ്റേണ്‍ അനുസരിച്ച് ലഭിക്കേണ്ടതില്‍ നിന്നും ഇത്രയും ജീവനക്കാരുടെ കുറവ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ ആവശ്യവുമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിരവധി തവണയാണ് മന്ത്രിയെ നേരില്‍ കണ്ടത്. മന്ത്രി ധനകാര്യഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെങ്കിലും നടപടി മാത്രമുണ്ടാകുന്നില്ല. കഴിഞ്ഞ മാസം അഞ്ച് ജീവനക്കാരാണ് മഞ്ചേരി, കൊണ്ടോട്ടി നഗരസഭകളിലേക്ക് സ്ഥലം മാറിപ്പോയത്. നിരവധി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ കയറിയിറങ്ങുമ്പോള്‍ ഇതില്‍ ഭൂരിഭാഗം ആളുകളും ജീവനക്കാരില്ലാത്തതിനാല്‍ തങ്ങളുടെ ആവശ്യം നടത്താനാകാതെ മടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."