നസീര്‍ വധശ്രമം: മുഖ്യ സൂത്രധാരനെ തേടി പൊലിസ്
കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനെ തേടി അന്വേഷണ സംഘം. അക്രമം ആസൂത്രണം ചെയ്തതു ചൊക്ലി സ്വദേശി പൊട്ട്യന്‍ സന്തോഷാണെന്നു പൊലിസ് വ്യക്തമാക്കി. സന്തോഷ് കര്‍ണാടകയിലെ കുടകില്‍ ഒളിവിലാണെന്നാണു പൊലിസിനു ലഭിച്ച വിവരം. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവ ദിവസം സി.പി.എം തലശ്ശേരി ഏരിയാകമ്മിറ്റി മുന്‍ ഓഫിസ് സെക്രട്ടറി രാജേഷ്, സന്തോഷിനെ 12 തവണ ഫോണില്‍ വിളിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
കതിരൂര്‍ ആണിക്കാപൊയില് കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് (26), നേരത്തെ അറസ്റ്റിലായ പൊന്ന്യം വെസ്റ്റ് ചേരി പുതിയവീട്ടില്‍ കെ. അശ്വന്ത് (20) എന്നിവരാണു നസീറിനെ ആക്രമിക്കുന്നതില്‍ നേരിട്ടു പങ്കെടുത്തത്. ശ്രീജിനെയും റോഷനെയും കോടതിയില്‍ നിന്നു കഴിഞ്ഞദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു വരികയാണ്. ആകെ 11 പേരാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇവരെ സംഘടിപ്പിച്ചതും കൃത്യം നടപ്പാക്കിയതും സന്തോഷാണെന്നു പൊലിസ് പറയുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എയും രാജേഷും ചേര്‍ന്നാണ് തന്നെ എം.എല്‍.എ ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നു നസീര്‍ നേരത്തെ അന്വേഷണസംഘത്തിനു മൊഴിനല്‍കിയിരുന്നു.
അതേസമയം, കേസില്‍ അറസ്റ്റിലായ റോഷനുമായി തെളിവെടുപ്പിന് പൊലിസ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ഹൊസൂരിലേക്കു തിരിച്ചു. അക്രമത്തിനു ശേഷം ഹൊസൂരിലാണു റോഷന് ഒളിവില്‍ കഴിഞ്ഞതെന്നു പൊലിസ് വ്യക്തമാക്കി. അക്രമത്തിനിരയായ നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."